കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലും തിരുവനന്തപുരത്തും നടത്തുന്ന പരിപാടികൾക്ക് മറുപ്രചരണം നടത്താൻ ഒരുങ്ങി കോൺഗ്രസ്. യുവാക്കളെയും കർഷകരെയും സംഘടിപ്പിക്കാനാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ നീക്കം. കെപിസിസിയുടെ രാഷ്്ട്രീയ കാര്യ സമിതിയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
മെയ് മാസത്തിൽ കൊച്ചിയിൽ യുവാക്കളുടെയും കർഷകരുടെയും സമ്മേളനം സംഘടിപ്പിക്കുമെന്ന് തീരുമാനങ്ങൾ വിശദീകരിച്ച് കെ സുധാകരൻ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യുവജന ദ്രോഹ നടപടികൾക്കും കർഷക ദ്രോഹ നടപടികൾക്കുമെതിരെയാണ് സമ്മേളനമെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.
ബിജെപി ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ നടത്തിയ പ്രചാരണങ്ങളിൽ കോൺഗ്രസ് അസ്വസ്ഥമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പരിപാടികളുടെ ആസൂത്രണം. രാജ്യത്ത് ക്രൈസ്തവർക്കും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ ബിജെപി നടത്തിയ ആക്രമണങ്ങൾ ചിത്രം സഹിതം തുറന്നുകാണിക്കുന്ന പ്രചാരണം എല്ലായിടത്തും സംഘടിപ്പിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. എൽഇഡി സ്‌ക്രീനിലൂടെ മുഴുവൻ നഗരങ്ങളിലും യാത്ര ചെയ്ത് അവർ നടത്തിയ അക്രമങ്ങൾ ഫോട്ടോ സഹിതം കാണിക്കുമെന്ന് സുധാകരൻ പറഞ്ഞു. ഇതിനായി പ്രത്യേക കമ്മിറ്റിയെയും നിശ്ചയിച്ചിട്ടുണ്ട്.
ഈസ്റ്റർ ദിനത്തിലും വിഷുദിനത്തിലും ബിജെപി നേതാക്കളും പ്രവർത്തകരും ക്രൈസ്തവ സമൂഹത്തിനിടയിൽ നടത്തിയ സ്‌നേഹവിരുന്ന് കോൺഗ്രസ് നേതൃത്വത്തിൽ നേരത്തെ ചർച്ചയായിരുന്നു. ഇതിന് ശേഷം തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ കെ സുധാകരൻ സന്ദർശിച്ചിരുന്നു. റബ്ബർ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പാംപ്ലാനി പൊതുവേദിയിൽ പറഞ്ഞതോടെയാണ് ബിജെപിയുമായുളള ചർച്ചകൾ ചൂടുപിടിച്ചത്.
ഉമ്മൻചാണ്ടിയെപ്പോലെ ക്രൈസ്തവ വിഭാഗത്തിനിടയിൽ സ്വാധീനമുളള മറ്റൊരു നേതാവ് കോൺഗ്രസിന്റെ നേതൃനിരയിൽ സജീവമായി ഇല്ലാത്തതും പാർട്ടിക്ക് വെല്ലുവിളിയാകുന്നുണ്ട്. ഇക്കാര്യവും കോൺഗ്രസിൽ സജീവ ചർച്ചയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതും കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നുണ്ട്. വർഷങ്ങളോളം വോട്ട് ചെയ്തിട്ടും പിന്തുണച്ചിട്ടും കോൺഗ്രസോ ഇടത് പാർട്ടികളോ അർഹമായ പരിഗണന നൽകിയിട്ടില്ലെന്ന വികാരം ക്രൈസ്തവ സമൂഹത്തിനിടയിൽ സജീവമാണ്.
Discussion about this post