ന്യൂഡൽഹി: പിന്നാക്ക വിഭാഗത്തെ അപമാനിച്ച കേസിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും തിരിച്ചടി നേരിട്ടതിന് പിന്നാലെ ഡൽഹിയിലെ ഔദ്യോഗിക വസതി അടുത്ത ദിവസം ഒഴിയാൻ തീരുമാനിച്ച് രാഹുൽ ഗാന്ധി. സെൻട്രൽ ഡൽഹിയിലെ തുഗ്ലക്ക് ലെയ്‌നിലുള്ള തന്റെ ഔദ്യോഗിക ബംഗ്ലാവ് ശനിയാഴ്ച ഒഴിയുമെന്നാണ് രാഹുൽ അറിയിച്ചിരിക്കുന്നത്.
രാഹുലിന് വീട് ഒഴിയാൻ ലോക്സഭാ ഹൗസിംഗ് പാനൽ ഞായറാഴ്ച വരെ സമയപരിധി നൽകിയിരുന്നു. വിധി വീണ്ടും തിരിച്ചടിയായതോടെയാണ് നാളെ തന്നെ വസതി ഒഴിയുന്നത്. സെൻട്രൽ ഡൽഹിയിലെ 10 ജൻപഥിലുള്ള സോണിയ ഗാന്ധിയുടെ ബംഗ്ലാവിലേക്കാകും രാഹുൽ മാറുന്നത് എന്നാണ് വിവരം. എംപി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഔദ്യോഗിക വസതി ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി ലോക്സഭാ ഹൗസിംഗ് പാനൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയക്കുന്നത്. കഴിഞ്ഞ മാർച്ച് 27നാണ് രാഹുലിന് ഇത് സംബന്ധിച്ചുള്ള നോട്ടീസ് കൈമാറിയത്.
2019ൽ കർണാടകയിലെ കോലാറിൽ തിരഞ്ഞെടുപ്പു റാലിയിൽ നടത്തിയ പരാമർശമാണ് രാഹുലിനെതിരായ കേസിലേക്കും അയോഗ്യതയിലേക്കും നയിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളും അഭിഭാഷകരുമായ അഭിഷേക് മനു സിംഗ്‌വി, പി. ചിദംബരം, വിവേക് തൻഖ തുടങ്ങിയവർ അടങ്ങിയ ഒരു സമിതി രാഹുലിന്റെ കേസ് നടത്തിപ്പിന് വേണ്ടി രൂപവത്കരിച്ചിരുന്നു. അഭിഷേക് മനു സിംഗ്‌വിയോ ചിദംബരമോ ഹൈക്കോടതിയിൽ രാഹുലിന് വേണ്ടി ഹാജരായേക്കുമെന്നാണ് സൂചന. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും.










