ന്യൂഡൽഹി: ഡൽഹി സാകേത് കോടതിയിൽ വെടിവയ്പ്. ഒരു സ്ത്രീയ്ക്ക് വെടിയേറ്റു. അഭിഭാഷകനായ കാമേശ്വർ പ്രസാദ് എന്നയാളാണ് വെടിയുതിർത്തത്. നാല് തവണയാണ് ഇയാൾ കോടതി വളപ്പിൽ കയറി വെടിവച്ചത്. വെടിയേറ്റ യുവതിയെ ഉടൻ തന്നെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ സാകേതിലെ ജില്ലാ കോടതിയിലാണ് സംഭവം.
സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നതിനായി എത്തിയ യുവതിയ്ക്കാണ് വെടിയേറ്റത്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. അക്രമിയുടെ ലക്ഷ്യം എന്താണെന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.
കഴിഞ്ഞ വർഷം സെപ്തംബർ 24ന് ഡൽഹി രോഹിണി കോടതിയിൽ അഭിഭാഷകരെന്ന വ്യാജേന രണ്ട് വെടിവെപ്പുകാർ വെടിയുതിർത്തിരുന്നു. അഭിഭാഷകരുടെ വേഷത്തിലെത്തിയ അക്രമികളെ പോലീസ് വെടിവച്ച് കൊന്നിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലും രോഹിണി കോടതിയിൽ സമാനമായ രീതിയിൽ രോഹിണി കോടതിയിൽ വെടിവയ്പ്പ് നടന്നിരുന്നു.











