ജോർജ്ടൗൺ: തെക്കൻ അമേരിക്കൻ രാജ്യമായ ഗയാനയുമായുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കാൻ ഇന്ത്യ. വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ ഗയാനയിലെത്തി. ഇന്ന് രാവിലെയോടെയാണ് അദ്ദേഹം ഗയാനയിൽ എത്തിയത്.
മൂന്ന് ദിവസമാണ് ജയ്ശങ്കർ ഗയാനയിൽ ഉണ്ടാകുക. രാജ്യ തലസ്ഥാനമായ ജോർജ്ടൗണിൽ വിമാനം ഇറങ്ങിയ അദ്ദേഹത്തെ ഗയാന വിദേശകാര്യമന്ത്രി ഹഗ് ടോഡും സംഘവും സ്വാഗതം ചെയ്തു. ഗയാനയിൽ വിമാനം ഇറങ്ങിയപ്പോൾ തനിക്ക് ലഭിച്ച സ്വീകരണത്തെക്കുറിച്ച് ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
ഗയാന വിദേശകാര്യമന്ത്രാലയത്തിൽ എത്തുന്ന ജയശങ്കർ വിദേശകാര്യ നയങ്ങൾ സംബന്ധിച്ച് ഹഗുമായി ചർച്ച നടത്തും. മറ്റ് മന്ത്രിമാരുമായും ഇവിടെവച്ച് കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ജോയിന്റ് കമ്മീഷൻ മീറ്റിംഗിൽ പങ്കെടുക്കും. ഇതിൽ ഇരുരാജ്യങ്ങളെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. കൗൺസിൽ ഓൺ ഫോറിൻ ആന്റ് കമ്മ്യൂണിറ്റി റിലേഷൻസിലെ അംഗങ്ങളുമായും അദ്ദേഹം സംവദിക്കും. വിവിധ പൊതുപരിപാടികളിൽ പങ്കെടുത്ത ശേഷം 24 ന് അദ്ദേഹം പനാമയിലേക്ക് തിരിക്കും.
പനാമയിൽ ഏകദിന സന്ദർശനമാണ് അദ്ദേഹം നടത്തുന്നത്. പനാമ വിദേശകാര്യമന്ത്രി ജനൈന ടെവനേയ് മെൻകോമോ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ശേഷം 25 ന് കൊളംബിയയിലേക്ക് തിരിക്കും. ഇവിടെ രണ്ട് ദിവസം വിവിധ പരിപാടികളിൽ ജയ്ശങ്കർ പങ്കെടുക്കും.
Discussion about this post