ന്യൂഡൽഹി: ആംആദ്മി രാജ്യസഭാ അംഗം സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി എ ബൈഭവ് കുമാർ അറസ്റ്റിൽ. സ്വാതി മലിവാളിന്റെ പരാതിയിൽ ഡൽഹി പോലീസാണ് പിടികൂടിയത്. ബൈഭവിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചു.
മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നായിരുന്നു കെജ്രിവാളിനെ കസ്റ്റഡിയിൽ എടുത്തത്. മാദ്ധ്യമങ്ങളെ ഒഴിവാക്കാൻ വസതിയ്ക്ക് പുറകിലൂടെയുള്ള ഗേറ്റ് വഴിയായിരുന്നു ബൈഭവുമായി പോലീസ് മടങ്ങിയത്. സ്റ്റേഷനിൽ എത്തിച്ച ശേഷം ബൈഭവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ബൈഭവിനെ പോലീസ് ചോദ്യം ചെയ്യും. ഇതിന് ശേഷമാകും തുടർ നടപടികൾ.
അരവിന്ദ് കെജ്രിവാളിനെ കാണാൻ എത്തിയപ്പോൾ തന്നെ തടയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു എന്നായിരുന്നു സ്വാതിയുടെ പരാതി. എട്ടോളം തവണ അടിച്ചു. നിലത്തുവീണ തന്നെ നെഞ്ചിലും വയറിലും ചവിട്ടിയെന്നും പരാതിയിൽ പറയുന്നു.
അതേസമയം സ്വാതിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ക്രൂരമായ ആക്രമണം ആയിരുന്നു സ്വാതി നേരിട്ടത് എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. കണ്ണിന് താഴെയും മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ട്. നെഞ്ചിലും വയറ്റിലും ചവിട്ടേറ്റതിനെ തുടർന്ന് ആന്തരിക പരിക്കുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post