ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഏറ്റുമുട്ടൽ. രണ്ട് കമ്യൂണിസ്റ്റ് ഭീകര വനിതാ നേതാക്കളെ പോലീസ് വധിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഗാർഹി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കദ്‌ല വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ടാദ ദളം ഏരിയ കമാൻഡർ സുനിത, മോച്ച ഏരിയ കമ്മിറ്റി അംഗം സരിത എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധനയ്ക്കായി എത്തിയതായിരുന്നു പോലീസ്. എന്നാൽ പോലീസ് എത്തുന്ന വിവരം ലഭിച്ച ഇവർ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു.
ഇതോടെ പോലീസ് തിരിച്ചടിച്ചു. ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കമ്യൂണിസ്റ്റ് ഭീകര വനിതാ നേതാക്കൾക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവർ ഉൾവനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടലിന് ശേഷം നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങളുടെ അടുത്ത് നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഓടി രക്ഷപ്പെട്ട ഭീകരർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഇവരുടെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.









