ന്യൂഡൽഹി : പ്രശസ്ത പാകിസ്താനി എഴുത്തുകാരൻ താരിക് ഫത്തായുടെ മരണത്തിൽ അനുശോചനം അറിയിച്ച് ആർഎസ്എസ്. പ്രമുഖ ചിന്തകനും ഗ്രന്ഥകാരനും നിരൂപകനുമായിരുന്നു താരിക് ഫത്താ എന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. മാദ്ധ്യമ രംഗത്തും സാഹിത്യലോകത്തും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും ഹൊസബാളെ വ്യക്തമാക്കി.
ജീവിതത്തിലുടനീളം തന്റെ തത്വങ്ങളോടും വിശ്വാസങ്ങളോടും പ്രതിബദ്ധത പുലർത്തിയ വ്യക്തിയാണ് താരിക്. ധൈര്യവും ദൃഢവിശ്വാസവും കൊണ്ട് എന്നും അദ്ദേഹം ബഹുമാനിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം വേദന പങ്കിടുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ആത്മാവിന്റെ ശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും ദത്താത്രേയ ഹൊസബാളെ വ്യക്തമാക്കി.
ഇസ്ലാമിലെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നിശിത വിമർശകനായിരുന്നു എഴുത്തുകാരനായ താരിക് ഫത്താ. 73 വയസിലാണ് അന്ത്യം. അർബുദ രോഗബാധിതനായി ഏറെ കാലമായി ചികിത്സയിലായിരുന്നു. മകൾ നടാഷ ഫത്താ ആണ് താരിഖിന്റെ മരണം ലോകത്തെ അറിയിച്ചത്.








