ന്യൂഡൽഹി: ഡൽഹിയിലുളള പബ്ലിക് സ്‌കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. മഥുര റോഡിലെ ഡൽഹി പബ്ലിക് സ്‌കൂളിനാണ് ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം കിട്ടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായി സ്‌കൂളിലുള്ള എല്ലാവരോടും സ്ഥലത്ത് നിന്ന് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും സ്‌കൂളിൽ എത്തിയിട്ടുണ്ട്.
വിവരമറിഞ്ഞ ഉടനെ തന്നെ പോലീസ് സംഘം സ്‌കൂളിലെത്തിയിരുന്നു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ഡൽഹിയിലെ ഇന്ത്യൻ പബ്ലിക് സ്‌കൂളിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് മറ്റൊരു സ്‌കൂളിന് ബോംബ് ഭീഷണി സന്ദേശം വന്നത്. സാദിഖ് നഗറിലെ ഇന്ത്യൻ സ്‌കൂളിനും ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. എന്നാൽ ഇത് വ്യാജ സന്ദേശമാണെന്ന് വിശദ പരിശോധനയ്‌ക്കൊടുവിൽ കണ്ടെത്തിയിരുന്നു.











