ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന് ആശയവിനിമയ രംഗത്ത് നിർണായക സ്ഥാനമുണ്ടെന്ന് ബോളിവുഡ് നടൻ ആമിർ ഖാൻ. സമൂഹത്തിൽ നമ്മെ ചുറ്റിപറ്റിയിരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളാണ് പരിപാടിയിലെ പ്രധാന ചർച്ചാ വിഷയം. ഇത് മികച്ച രീതിയിൽ ചിന്തിക്കാൻ നമ്മെ പ്രാപ്തരാക്കുമെന്നും ആമിർ ഖാൻ പറഞ്ഞു. മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമായുള്ള കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയ വിനിമയത്തിൽ മൻ കി ബാത്തിന് നിർണായക സ്ഥാനമാണുള്ളത്. ഇവിടെ രാജ്യത്തിന്റെ നേതാവ് ജനങ്ങളിലേക്ക് എത്തുന്നു. ആളുകളുമായി പല വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ആശയങ്ങൾ പങ്കുവയ്ക്കുന്നു, നിർദ്ദേശങ്ങൾ നൽകുന്നു, നേതൃത്വം നൽകുന്നു. ഇങ്ങനെയാണ് യഥാർത്ഥത്തിൽ ആശയവിനിമയം നടത്തേണ്ടത്. എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്, ഭാവിയെ എങ്ങനെയാണ് നിങ്ങൾ കാണുന്നത്, ഇതിന് എങ്ങനെയാണ് സ്വയം പിന്തുണ നൽകേണ്ടത് എന്നതിനെക്കുറിച്ചെല്ലാം ഇതിൽ നമ്മൾ പങ്കുവയ്ക്കുന്നു. അതുകൊണ്ടു കൂടിയാണ് മൻ കി ബാത്ത് ഏറെ പ്രിയങ്കരമാകുന്നത്.
പരിപാടിയിൽ ഉന്നയിക്കേണ്ട വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി ആളുകളോട് ചോദിക്കാറുണ്ട്. ഇത് ഏറെ പ്രധാനപ്പെട്ടതാണ്. ആളുകൾ തന്നെയാണ് അവരെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുന്നതിനുള്ള വിഷയങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ മൻ കി ബാത്ത് എന്നത് ഒരു നിർണായക തുടക്കമാണെന്നും ആമിർ ഖാൻ പ്രതികരിച്ചു.
മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന കോൺഗ്ലേവ് ഉപരാഷ്ട്രപതി ജഗദീപ് ധർകറാണ് ഉദ്ഘാടനം ചെയ്തത്. ഈ മാസം 30നാണ് മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്.








