ന്യൂഡൽഹി: സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി. ഭാര്യ സൈബല്ല, മകൾ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെ കേന്ദ്രമന്ത്രി വി.മുരളീധരൻ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് ഏർപ്പാടാക്കിയെന്നും മന്ത്രി അറിയിച്ചു. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ആകെ ഒഴിപ്പിച്ചവരുടെ എണ്ണം 1100 ആയി. ആറ് ബാച്ചുകളെയാണ് ഇതുവരെ ഒഴിപ്പിച്ചത്. എല്ലാവരേയും ഉടൻ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയ 300 ഇന്ത്യക്കാർ കൂടി ഇന്ന് നാട്ടിലെത്തും. ഇന്നലെ രാത്രിയോടെ 360 പേരെ ജിദ്ദ വഴി ഡൽഹിയിൽ എത്തിച്ചിരുന്നു. സൗദി എയർലൈൻസിന്റെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. സുഡാനിൽ മൂവായിരത്തോളം ഇന്ത്യക്കാരാണ് ആകെയുള്ളത്. ഇതിൽ മൂന്നിലൊന്ന് ആളുകളെയും അതിവേഗം തന്നെ ഒഴിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 561 പേരെയാണ് സുഡാനിൽ നിന്ന് ഒഴിപ്പിച്ചത്.
ഇന്ന് രാവിലെ മുംബൈയിലാണ് ജിദ്ദയിൽ നിന്നുള്ള രണ്ടാമത്തെ ബാച്ച് സംഘം ഇന്ത്യയിലെത്തുന്നത്. സുഡാനിൽ നാട്ടിലേക്ക് തിരികെ എത്താൻ ആഗ്രഹിക്കുന്ന എല്ലാവരും തിരിച്ച് എത്തുന്നത് വരെ ഈ ദൗത്യം തുടരുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Discussion about this post