2007-ൽ മോഹൻലാലിനെ നായകനാക്കി റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ട് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയാണ് ഹലോ. ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ട് പുറത്തിറങ്ങിയ ഹലോ ആ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്.
തന്റെ കാമുകിയുടെ മരണശേഷം ജീവിതത്തോട് മടുപ്പ് തോന്നി ഒരു മുഴുക്കുടിയനായി മാറിയ പ്രശസ്ത വക്കീലാണ് അഡ്വ. ശിവരാമൻ (മോഹൻലാൽ). ഒരു ദിവസം അബദ്ധത്തിൽ ശിവരാമന്റെ ഫോണിലേക്ക് പാർവതി (പാർവതി മെൽട്ടൺ) എന്ന പെൺകുട്ടിയുടെ കോൾ വരുന്നു. അപകടത്തിൽപെട്ടിരിക്കുന്ന തന്നെ രക്ഷിക്കണം എന്ന പാർവതിയുടെ ആവശ്യം കേൾക്കുന്ന ശിവരാമൻ അതിനുള്ള ശ്രമങ്ങൾ നടത്തുന്നു. ശേഷം അയാളുടെയും ചുറ്റുമുള്ളവരുടെയും ജീവിതത്തിൽ വരുന്ന മാറ്റങ്ങളും അയാൾ തന്റെ ദൗത്യത്തിൽ വിജയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമാണ് ഹലോ നൽകുന്നത്.
മോഹൻലാലിൻറെ കരിയറിൽ അയാൾ അനേകം കോമഡി റോളുകൾ ചെയ്തിട്ടുണ്ടെങ്കിലും കോമഡിക്കും അതേപോലെ തന്നെ മാസിനും ചെറിയ സെന്റിമെൻസിനും വരെ പ്രാധാന്യം കൊടുത്ത ഹലോ എന്ന ഔട്ട് ആൻഡ് ഔട്ട് എന്റർടൈനറിന് ഫാൻസ് കൂടുതലാണ്. ശിവരാമനായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിലെ ഡയലോഗുകൾക്കും പാട്ടിനും എല്ലാം അന്യയായ് റിപ്പീറ്റ് വാല്യൂ ആണ് എന്ന് പറയാം. ചിത്രത്തിൽ പാർവ്വതിയുമായി ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ ചെല്ലുന്ന ശിവരാമന്റെ കൈയിൽ പണം ഇല്ല, എന്ത് ചെയ്യണം എന്നറിയാതെ ചുറ്റും കണ്ണോടിച്ചപ്പോൾ ആണ് ആ മാസങ്ങളിൽ വിവാഹം കഴിഞ്ഞ സെബാസ്റ്റിയനെ ( അശോകൻ ) അയാളുടെ ഭാര്യയെയും കാണുന്നത്. ഭാര്യയുടെ മുന്നിൽ ചെറിയ പൊങ്ങച്ചമൊക്കെ പറഞ്ഞ് , ആകെ ഉള്ള സമ്പാദ്യം കുറച്ച് കൂട്ടുകാർ ആണെന് പറഞ്ഞ് നിൽക്കുന്ന സെബാസ്റ്റിയൻ നോക്കി. “സെബാസ്റ്റിയൻ” എന്ന് വിളിച്ചുകൊണ്ട് മനസ്സിലായോ എന്ന് ശിവാരാമൻ ചോദിക്കുന്നു.
ഒരൊറ്റ സിനിമയിൽ മാത്രം അഭിനയിക്കാൻ റാഫി മെക്കാർട്ടിൻ വിളിച്ച അശോകനും മോഹൻലാലും തമ്മിലുള്ള ഡയലോഗുകൾ ആണ് പിന്നെ ഉള്ള 5 മിനിറ്റ് നടക്കുന്നത്. ശരിക്കും പറഞ്ഞാൽ ഇരുനടന്മാരുടെയും പൂണ്ടുവിളയാട്ടം. ചമ്മലും, അതിശയവും, കൊടുക്കൽ വാങ്ങലുമായി ഇവർ തകർത്താടിയപ്പോൾ മോഹൻലാൽ സിനിമയിലെ എന്നല്ല മലയാളത്തിലെ തന്നെ ആരാധകർ ഓർത്തിരിക്കുന്ന ഒരു ഒന്നൊന്നര സീനിന്റെ പിറവിയാണ് അവിടെ നടന്നത്.













Discussion about this post