പ്രതിരോധ രംഗത്ത് ഭാരതത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്ന സുപ്രധാന നീക്കവുമായി റഷ്യ. അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് Su-57E ഇന്ത്യയിൽ സംയുക്തമായി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി റഷ്യൻ എയറോസ്പേസ് വൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിൽ നടക്കുന്ന ‘വിങ്സ് ഇന്ത്യ’ (Wings India) വ്യോമയാന പ്രദർശനത്തിനിടെ റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (UAC) സിഇഒ വാദിം ബാദേഖയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ സുഖോയ് Su-30 വിമാനങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെ എച്ച്എഎൽ (HAL) പ്ലാന്റുകളിൽ തന്നെ പുതിയ വിമാനങ്ങളും നിർമ്മിക്കാനാണ് ആലോചന.
ഭാരതത്തിന്റെ സ്വന്തം അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ എംക (AMCA) വികസിപ്പിക്കുന്നതിൽ സാങ്കേതിക സഹായം നൽകാനും റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് (TASS) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭാരതീയ വ്യവസായ മേഖലയെയും ഇന്ത്യൻ നിർമ്മിത സിസ്റ്റങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു ലൈസൻസ്ഡ് ഉല്പാദനമാണ് റഷ്യ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ റഷ്യൻ നിർമ്മിത റീജിയണൽ ജെറ്റായ സൂപ്പർജെറ്റ്-100 (SJ-100) ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി എച്ച്എഎല്ലും യുഎസിയും തമ്മിൽ കരാറിൽ ഒപ്പിട്ടു. വിമാനത്തിന്റെ ഭാഗങ്ങൾ നിർമ്മിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമുള്ള ലൈസൻസ് ഇതോടെ എച്ച്എഎല്ലിന് ലഭിക്കും.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളെ പ്രതിരോധിക്കാൻ പൂർണ്ണമായും റഷ്യൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ‘ഇംപോർട്ട് ഇൻഡിപെൻഡന്റ്’ പതിപ്പാണ് ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ. റഷ്യയുമായുള്ള ഈ സഹകരണം വരും പതിറ്റാണ്ടുകളിലെ ഭാരതത്തിന്റെ പ്രതിരോധ നയതന്ത്രത്തിന്റെ ദിശ നിർണ്ണയിക്കുമെന്ന് വാദിം ബാദേഖ പറഞ്ഞു. റഷ്യയുടെ ഭാഗത്ത് നിന്ന് ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും ഭാരത സർക്കാർ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയുടെയും പാകിസ്താന്റെയും വെല്ലുവിളികൾ നിലനിൽക്കെ, അത്യാധുനിക സ്റ്റെൽത്ത് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത് ഭാരതത്തിന്റെ ആഗോള പ്രതിരോധ സ്ഥാനം കൂടുതൽ ശക്തമാക്കും.











Discussion about this post