ലഖ്‌നൗ : ഉത്തർപ്രദേശിലെ അധ്യാപകർക്കും അനധ്യാപകർക്കും ആയി ഒരു വമ്പൻ പദ്ധതി പ്രഖ്യാപിച്ച് യോഗി സർക്കാർ. സ്കൂളുകളിൽ അധ്യാപക, അനധ്യാപക തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും ആശ്രിത കുടുംബങ്ങൾക്കുമായി സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ സൗജന്യ ചികിത്സയാണ് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 448 കോടി രൂപയാണ് ഈ പദ്ധതിക്കായി ഉത്തർപ്രദേശ് സർക്കാർ മാറ്റി വെച്ചിട്ടുള്ളത്. സംസ്ഥാനത്തെ 15 ലക്ഷം പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
വ്യാഴാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആണ് ഈ വമ്പൻ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സെക്കൻഡറി, അടിസ്ഥാന വിദ്യാഭ്യാസ വകുപ്പുകളുമായി ബന്ധപ്പെട്ട അധ്യാപകർ, അനധ്യാപകർ, അവരുടെ ആശ്രിത കുടുംബങ്ങൾ എന്നിവർക്ക് ഇനി സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമായിരിക്കുമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. കഴിഞ്ഞ വർഷം അധ്യാപക ദിനത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്ന പദ്ധതിക്ക് ഇന്ന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നു.
മന്ത്രിസഭാ തീരുമാനപ്രകാരം, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർ (വിഷയ വിദഗ്ധരും ഓണററി അധ്യാപകരും ഉൾപ്പെടെ), സംസ്കൃത വിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ച എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർ (ഓണററി അധ്യാപകർ ഉൾപ്പെടെ), സെക്കൻഡറി വിദ്യാഭ്യാസ കൗൺസിലും സംസ്കൃത വിദ്യാഭ്യാസ കൗൺസിലും അംഗീകരിച്ച സ്വാശ്രയ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർ, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഓണറേറിയത്തിൽ ജോലി ചെയ്യുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെ വിഷയ സ്പെഷ്യലിസ്റ്റുകൾ എന്നിവർക്ക് ഐപിഡി (ഇൻപേഷ്യന്റ് ഡിപ്പാർട്ട്മെന്റ്) സൗജന്യ ചികിത്സ സൗകര്യം ലഭിക്കും. അവരുടെ ആശ്രിതർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും.










Discussion about this post