ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഫോൺ ക്യാമറയിൽ ചുവന്ന ടേപ്പ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജെറുസലേമിലെ ഇസ്രായേൽ പാർലമെന്റായ നെസെറ്റിന്റെ (Knesset) ഭൂഗർഭ പാർക്കിംഗിൽ വെച്ച് തന്റെ ആഡംബര കാറിന് സമീപം നിന്ന് ഫോണിൽ സംസാരിക്കുന്ന നെതന്യാഹുവിന്റെ ചിത്രങ്ങളിലാണ് ഈ സുരക്ഷാ മുൻകരുതൽ വ്യക്തമായിരിക്കുന്നത്. ലോകപ്രശസ്ത പോഡ്കാസ്റ്റർ മാരിയോ നവ്ഫൽ ഉൾപ്പെടെയുള്ളവർ ഈ ചിത്രങ്ങൾ പങ്കുവെച്ചതോടെ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്.
“നെതന്യാഹു എന്തിനാണ് തന്റെ ഫോൺ ക്യാമറ മറച്ചിരിക്കുന്നത്? ആരെയാണ് അദ്ദേഹം ഭയപ്പെടുന്നത്?” എന്ന മാരിയോയുടെ ചോദ്യം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇസ്രായേൽ പ്രധാനമന്ത്രിക്ക് പോലും തന്റെ ഫോൺ സുരക്ഷിതമല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
എന്താണ് ഈ ചുവന്ന ടേപ്പിന്റെ രഹസ്യം?
അമേരിക്കൻ മാദ്ധ്യമമായ ഹൈപ്ഫ്രെഷിന്റെ റിപ്പോർട്ട് പ്രകാരം, നെതന്യാഹുവിന്റെ ഫോണിലുള്ളത് വെറുമൊരു ടേപ്പല്ല. ഇത് അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ‘ടാമ്പർ എവിഡന്റ് സീൽ’ ആണ്. ക്യാമറകൾ വഴിയോ മറ്റ് സെൻസറുകൾ വഴിയോ അതീവ രഹസ്യമായ വിവരങ്ങൾ ചോർത്തുന്നത് തടയാനാണ് ഇവ ഉപയോഗിക്കുന്നത്. ഫോണിലെ ക്യാമറയും സെൻസറുകളും മറയ്ക്കുന്നതിലൂടെ, അബദ്ധത്തിലോ മനപ്പൂർവ്വമോ സെൻസിറ്റീവ് ആയ ദൃശ്യങ്ങൾ പകർത്തുന്നത് ഒഴിവാക്കാൻ സാധിക്കും.
ഇസ്രായേൽ പാർലമെന്റിലെ ക്ലാസിഫൈഡ് സോണുകളിൽ ഫോട്ടോ എടുക്കുന്നതിന് കർശന നിരോധനമുണ്ട്. ചാരപ്രവൃത്തി തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം സ്റ്റിക്കറുകൾ ഫോണിൽ പതിപ്പിക്കുന്നത്. ദേശീയ സുരക്ഷയെ മുൻനിർത്തി ടിക്ടോക് ഉൾപ്പെടെയുള്ള ആപ്പുകൾക്കും സ്മാർട്ട്ഫോണുകൾക്കും ഇസ്രായേലിൽ കർശനമായ നിയന്ത്രണങ്ങളുണ്ട്.
ഇസ്രായേലിന്റെ ഭരണത്തലവൻ തന്നെ ഇത്തരമൊരു മുൻകരുതൽ എടുക്കുന്നത് ആധുനിക ഡിജിറ്റൽ യുഗത്തിലെ സുരക്ഷാ ഭീഷണികളെയാണ് ചൂണ്ടിക്കാട്ടുന്നത്. സ്വന്തം രാജ്യത്തെ പൗരന്മാരെപ്പോലും വാറന്റില്ലാതെ നിരീക്ഷിച്ചുവെന്ന ആരോപണങ്ങൾ ഇസ്രായേൽ പോലീസിനെതിരെ നേരത്തെ ഉയർന്നിരുന്നു. സൈബർ ചാരവൃത്തിയിൽ ലോകത്തെ ഏറ്റവും കരുത്തരായ രാജ്യങ്ങളിലൊന്നിന്റെ പ്രധാനമന്ത്രി പോലും ക്യാമറ ഒട്ടിച്ചു വെക്കുന്നത് ആധുനിക കാലത്തെ വിവരച്ചോർച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നു.











Discussion about this post