റായ്പൂർ: ദന്തേവാഡയിൽ 10 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അടിന്തിര യോഗം. അതേസമയം വീരമൃത്യുവരിച്ച ജവാന്മാരുടെ ഭൗതിക ദേഹങ്ങളിൽ അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കും.
റായ്പൂരിലായിരുന്നു യോഗം ചേർന്നത്. ആഭ്യന്തര മന്ത്രി തമ്രദ്വാജ് സാഹു, ചീഫ് സെക്രട്ടറി അമിതാഭ് ജെയ്ൻ, ഡിജിപി അശോക് ജുനേജ, ഇന്റലിജൻസ് ഐജി അജയ് യാദവ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രദേശത്തെ സ്ഥിതിഗതികൾ യോഗം വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളും മുഖ്യമന്ത്രി തേടി.
ഇന്നലെ വൈകീട്ടോടെയായിരുന്നു ദന്തേവാഡയിൽ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി പോകുകയായിരുന്ന ജവാന്മാർക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ഇവരുടെ വാഹനത്തിന് നേരെ ഭീകരർ ഐഇഡി ആക്രമണം നടത്തുകയായിരുന്നു. പൊട്ടിത്തെറിയിൽ 10 ജവാന്മാർക്ക് പുറമേ പ്രദേശവാസിയായ ഡ്രൈവർക്കും ജീവൻ നഷ്ടമായി.
അതേസമയം ഛത്തീസ്ഗഡിലുണ്ടായ ഏറ്റവും വലിയ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നലെ അടിയന്തിര യോഗം ചേർന്നിരുന്നു.










