ന്യൂഡൽഹി : ”ഇന്ത്യയിൽ എന്ത് ജോലി വേണമെങ്കിലും ചെയ്‌തോളാം, ഇനി സുഡാനിലേക്കില്ല” സുഡാനിലെ ആഭ്യന്തര കലാപത്തെ തുടർന്ന് കാവേരി രക്ഷാദൗത്യത്തിലൂടെ രാജ്യത്തേക്ക് എത്തിച്ച ഇന്ത്യക്കാരുടെ വാക്കുകളാണിത്. 360 പേരടങ്ങുന്ന ആദ്യ സംഘം കഴിഞ്ഞ ദിവസമാണ് രാജ്യത്തെത്തിയത്. സുഡാനിൽ അനുഭവിക്കേണ്ടിവന്ന കഷ്ടതകൾ അവർ മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞു.
മരണത്തെ മുഖാമുഖം കണ്ടിടത്ത് നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് ഇവർ പറഞ്ഞു. ”മൃതദേഹങ്ങൾ പോലെയാണ് ഞങ്ങൾ കിടന്നിരുന്നത്. വൈദ്യുതിയും വെള്ളവുമില്ലാത്ത ഒറ്റ മുറിയിൽ ഒതുങ്ങിക്കൂടി. ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല” സുഡാനിൽ നിന്ന് രക്ഷപെട്ട് എത്തിയ പഞ്ചാബിൽ നിന്നുള്ള തസ്‌മെർ സിംഗ് എന്ന അറുപതുകാരി പറഞ്ഞു.
ഇനി ഒരിക്കലും സുഡാനിലേക്ക് പോരില്ല. ഇന്ത്യയിൽ എന്ത് ജോലി വേണമെങ്കിലും ചെയ്‌തോളാമെന്ന് ഉത്തർപ്രദേശുകാരനായ യുവാവ് പറയുന്നു
സുഡാനിലെ ആഭ്യന്തര കലാപങ്ങൾക്കിടയിൽ നിന്ന് ഓപ്പറേഷൻ കാവേരിയിലൂടെ 1100 ഓളം ഇന്ത്യക്കാരെ ഇതുവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായാണ് വിവരം. ശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ നാവികസേനയുടെ കപ്പലുകളും സൈനിക ഗതാഗത വിമാനങ്ങളും ശ്രമം തുടരുകയാണ്.
കേരളത്തിൽ നിന്നുള്ള മുൻ സൈനികൻ ആൽബർട്ട് അഗസ്റ്റിൻ കഴിഞ്ഞയാഴ്ച വെടിയേറ്റ് മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തെ സുരക്ഷിതമായി നാട്ടിലെത്തിച്ചിട്ടുണ്ട്. മൃതദേഹം എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. 19 പേരാണ് ഇന്ത്യയിലേക്ക് എത്തിയ ആദ്യ സംഘത്തിൽ മലയാളികളായി ഉണ്ടായിരുന്നത്.
3,500 ഇന്ത്യക്കാരും 1,000-ഓളം ഇന്ത്യൻ വംശജരും (PIO) സുഡാനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. 3,400 ഇന്ത്യക്കാർ ഒഴിപ്പിക്കലിനായി ഇന്ത്യൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു.
Discussion about this post