ശ്രീനഗർ: അഞ്ചു കരസേന ജവാന്മാർ വീരമൃത്യുവരിച്ച പൂഞ്ച് ആക്രമണത്തിന് പിന്നിൽ പാകിസ്താന്റെ കൈകൾ തന്നെ എന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചു.
അക്രമികൾക്ക് നിർദ്ദേശം നൽകിയിരുന്ന ആളിന്റെ ശബ്ദരേഖ കണ്ടെത്തി. ഇത് പാകിസ്താനിൽ നിന്നാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്താനിൽ നിന്ന് തന്നെയാണ് വ്യക്തമായത്.
ആക്രമണം നടത്തിയ ഭീകരർക്ക് താവളമൊരുക്കിയ ആളെയും പോലീസ് പിടികൂടിയിട്ടുണ്ട്. നസീർ എന്നയാളാണു പിടിയിലായത്. ഇയാളുടെ വീട്ടിൽ കഴിഞ്ഞ രണ്ടുമാസത്തോളമാണ് ഭീകരർ താമസിച്ചത്.ഭീകരർക്ക് ഭക്ഷണവും പാർപ്പിടവും ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ നൽകിയതായി ഇയാൾ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.
നിരവധി പേരെ നിരീക്ഷിച്ച ശേഷമാണ് നസീറിലേക്ക് എത്തിയത്. അതേസമയം പൂഞ്ച് ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 60 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുരക്ഷാ സേനയും പോലീസും കഴിഞ്ഞ ഒരാഴ്ചയായി ഭട്ട ദുരിയാനിലെ വനങ്ങളിലും നിയന്ത്രണ രേഖയോട് ചേർന്നുള്ള ബാലകോട്ട്, മെന്ധർ, മാൻകോട്ട് സെക്ടറുകളിലും തിരച്ചിൽ തുടരുകയാണ്.










