അമൃത്‌സർ: പാകിസ്താനിൽ നിന്ന് അതിർത്തി കടന്നെത്തിയ ഡ്രോൺ വെടിവെച്ചിട്ടപ്പോൾ കണ്ടത് മാരക മയക്കുമരുന്നുകൾ. പഞ്ചാബ് അതിർത്തിയിലാണ് ബിഎസ്എഫ് സംശയകരമായ സാഹചര്യത്തിൽ കണ്ട ഡ്രോൺ വെടിവെച്ചിട്ടത്. താഴെ വീണ ഡ്രോണിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിനും കറുപ്പും കണ്ടെത്തിയത്.
രണ്ട് പൊതികളിലായി കറുപ്പും മറ്റ് രണ്ട് പൊതികളിലായി ഹെറോയിനുമാണ് കടത്താൻ ശ്രമിച്ചത്. രണ്ട് കിലോ തൂക്കം വരുന്ന പായ്ക്കറ്റിൽ 170 ഗ്രാം കറുപ്പ് ഉണ്ടായിരുന്നതായി ബിഎസ്എഫ് പറഞ്ഞു. വെടിയേറ്റ് ഭാഗീകമായി തകർന്ന നിലയിലാണ് ഡ്രോൺ താഴെ വീണത്.
ബുധനാഴ്ച രാവിലെയും ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് ഡ്രോൺ പറത്താൻ അതിർത്തിക്ക് അപ്പുറത്ത് നിന്ന് ശ്രമം നടന്നിരുന്നതായി ബിഎസ്എഫ് പറഞ്ഞു. ബിഎസ്എഫ് വെടിയുതിർത്തതോടെ ഇത് പാകിസ്താനിലേക്ക് തിരിച്ചുപോയി.
അമൃത്‌സർ മേഖലയിലൂടെ ഡ്രോൺ വഴി മയക്കുമരുന്നും ആയുധങ്ങളും പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് കടത്തുന്നതായി നേരത്തെ മുതൽ റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടു തന്നെ ബിഎസ്എഫ് ഇവിടെ ശക്തമായ ജാഗ്രതയാണ് പുലർത്തുന്നത്.










