ന്യൂഡൽഹി: ആകാശ ഗംഗയ്ക്ക് അപ്പുറമാണെങ്കിലും, ഇന്ത്യക്കാരൻ ആണെങ്കിൽ നിങ്ങളെ രക്ഷിച്ചിരിക്കുമെന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന പ്രയോഗം കേവലം ആലങ്കാരികമല്ലെന്ന് വ്യക്തമാക്കി യുദ്ധബാധിതമായ സുഡാനിലെ തകർന്ന എയർ സ്ട്രിപ്പിൽ ഇന്ത്യൻ വ്യോമസേനാ വിമാനത്തിന്റെ സാഹസിക ലാൻഡിംഗ്. സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ദൗത്യമായ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായാണ് വ്യോമസേനയുടെ സി-130 വിമാനം സുഡാൻ തലസ്ഥാനമായ ഖാർതൂമിലെ വാദി സയ്യിദ്ന എയർ ബേസിൽ ഇറങ്ങിയത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലായിരുന്നു ഇന്ത്യൻ വ്യോമസേന വിമാനത്തിന്റെ അത്ഭുത ലാൻഡിംഗ്. വെളിച്ചമോ നിർദേശകരോ ഇല്ലാത്ത റൺവേയിലായിരുന്നു വിമാനം ലാൻഡ് ചെയ്തത്. ഗർഭിണിയായ സ്ത്രീ ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ നിരവധി ഉള്ളവർ ഖാർതൂമിൽ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു. പോർട്ട് സുഡാനിലെത്താൻ യാതൊരു മാർഗവും ഇവർക്ക് ഉണ്ടായിരുന്നില്ല.
രാത്രിയിൽ വെളിച്ചമില്ലാത്ത റൺവേയിലൂടെ നീങ്ങാൻ വ്യോമസേന വിമാനത്തിന് സഹായകമായത് ഇലക്ട്രോ ഓപ്ടിക്കൽ- ഇൻഫ്രാ റെഡ് സെൻസറുകൾ ആയിരുന്നു. നൈറ്റ് വിഷൻ ഗോഗിൾസ് ധരിച്ചായിരുന്നു ദൗത്യസംഘം വിമാനം നിയന്ത്രിച്ചത്.
വിമാനം ലാൻഡ് ചെയ്തയുടൻ വ്യോമസേനയുടെ ഗരുഡ് കമാൻഡോകൾ യാത്രക്കാരെയും ലഗേജുകളും സുരക്ഷിതമായി വിമാനത്തിനുള്ളിൽ കയറ്റി. പിന്നീട് ലാൻഡ് ചെയ്ത അതേ മാതൃക പിന്തുടർന്ന് വിമാനം റൺവേയിലൂടെ പറന്നുപൊങ്ങി.
ഓപ്പറേഷൻ കാവേരി ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരെ ബസുകളിൽ കയറ്റിയാണ് സംഘർഷ ബാധിത മേഖലകളിൽ നിന്നും പോർട്ട് സുഡാനിൽ എത്തിക്കുന്നത്. അവിടെ നിന്നും അവരെ വ്യോമസേനാ വിമാനങ്ങളിലും നാവിക സേനയുടെ കപ്പലുകളിലുമായി ജിദ്ദയിൽ എത്തിക്കുന്നു.
ജിദ്ദയിൽ നിന്നും യാത്രാ വിമാനങ്ങളിലോ വ്യോമസേനാ വിമാനങ്ങളിലോ ആണ് ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യ ജിദ്ദയിലും പോർട്ട് സുഡാനിലും കണ്ട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. സുഡാനിലെ ഇന്ത്യൻ എംബസിയും ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനവുമാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Discussion about this post