ന്യൂഡൽഹി:സൈബർ കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി പോലീസ്. ഹരിയാനയിലാണ് സംഭവം. നുഹ് ജില്ലയിൽ മാത്രം 14 ഇടത്താണ് റെയ്ഡ് നടത്തിയത്. 5000 ത്തിലധികം ഉദ്യോഗ 102 സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധയിൽ 125 ഹാക്കർമാരെ പിടികൂടി.
ഇവരിൽ നിന്ന് തോക്കും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.66 സ്മാർട്ട്ഫോണുകൾ, 65 വ്യാജ സിമ്മുകൾ, 166 ആധാർ കാർഡുകൾ, മൂന്ന് ലാപ്ടോപ്പുകൾ, വിവിധ ബാങ്കുകളുടെ 128 എടിഎം കാർഡുകൾ, രണ്ട് എടിഎം സൈ്വപ്പ് മെഷീനുകൾ, ആറ് സ്‌കാനറുകൾ, അഞ്ച് പാൻ കാർഡുകൾ എന്നിവ പിടിയിലായ ഹാക്കർമാരിൽ നിന്നും കണ്ടെടുത്തു. കൂടാതെ, ഏഴ് പിസ്റ്റളുകൾ, രണ്ട് വെടിയുണ്ടകൾ, രണ്ട് കാറുകൾ, നാല് ട്രാക്ടർ ട്രോളികൾ, 22 മോട്ടോർ സൈക്കിളുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.കൂടുതൽ തെളിവുകൾക്കായി പ്രതികളെ ചോദ്യം ചെയ്യുകയാണ്.
നുഹിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് നടത്തിയ നിരവധി സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.സൈബർ കുറ്റകൃത്യങ്ങളുടെ ഹോട്ട് സ്പോട്ടുകൾ തിരിച്ചറിഞ്ഞ പോലീസ്, സ്ഥലങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും വൻ പോലീസ് സേനയുമായി ഒരേസമയം റെയ്ഡുകൾ നടത്തുകയും ചെയ്തു.
ഒരു എസ്പി റാങ്ക് ഓഫീസർ, 6 അഡീഷണൽ എസ്പിമാർ, 14 ഡിഎസ്പിമാർ, മറ്റ് പോലീസുകാർ എന്നിവർ അടക്കം 5000 ത്തോളം പോലീസുകാരാണ് റെയ്ഡിനായി അണിനിരന്നത്.ഇന്നലെ രാത്രി 11.30 ന് ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. ഏപ്രിൽ 4 മുതൽ ഏപ്രിൽ 8 വരെ ബോണ്ട്സിയിൽ നടന്ന സൈബർ പരിശീലന പരിപാടിക്ക് ശേഷമാണ് റെയ്ഡിനുള്ള പദ്ധതി ആവിഷ്‌കരിച്ചതെന്ന് നുഹ് പോലീസ് സൂപ്രണ്ട് വരുൺ സിംഗ്ല പറഞ്ഞു.
Discussion about this post