ബംഗളൂരു : ബൈജൂസ് ആപ്ലിക്കേഷൻ സിഇഒ ബൈജു രവീന്ദ്രന്റെ വീട്ടിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് അന്വേഷണ ഏജൻസി തിരച്ചിൽ നടത്തുന്നത്. ഇവിടെ നിന്ന് നിരവധി രേഖകളും ഡിജിറ്റൽ ഡാറ്റയും പിടിച്ചെടുത്തതായാണ് വിവരം.
അന്വേഷണ ഏജൻസി പറയുന്നതനുസരിച്ച്, 2011-നും 2023-നും ഇടയിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചിരുന്നു. വിദേശത്തേക്ക് നേരിട്ടുള്ള നിക്ഷേപം എന്ന പേരിൽ ഇക്കാലയളവിൽ ഏകദേശം 9,754 കോടി രൂപ അയച്ചതായും വിവരമുണ്ട്. ഇതിലൂടെ വിദേശ ഫണ്ടിംഗ് മാനദണ്ഡം ലംഘിച്ചുവെന്നാണ് വ്യക്തമാകുന്നത്.
പരസ്യം, മാർക്കറ്റിംഗ് എന്നിവയുടെ പേരിൽ 944 കോടിയാണ് കൈമാറിയിരിക്കുന്നത്. 2020-21 സാമ്പത്തിക വർഷം മുതൽ കമ്പനി സാമ്പത്തിക രേഖകൾ തയ്യാറാക്കിയിട്ടില്ലെന്നും അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്താനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നീക്കം.
വിവിധയാളുകളിൽ നിന്ന് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇഡി നടത്തിയ അന്വേഷണത്തിൽ, ബൈജു രവീന്ദ്രന് നിരവധി സമൻസുകൾ അയച്ചിട്ടുണ്ടെന്നും ഇയാൾ ഇതുവരെ ഹാജരായിട്ടില്ലെന്നും വ്യക്തമായി.
Discussion about this post