ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ‘മൻ കി ബാത്തിന്റെ’ നൂറാം എപ്പിസോഡ് ഇന്ന്. രാവിലെ 11 മണിക്കാണ് പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടിയായ ‘മൻ കി ബാത്തിന്റെ’ നൂറാം എപ്പിസോഡ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തും പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. യുഎൻ ആസ്ഥാനത്ത് പ്രാദേശികസമയം പുലർച്ചെ 1.30നാണ് ‘മൻ കി ബാത്ത്’ കേൾപ്പിക്കുന്നത്.
യുഎന്നിലെ ട്രസ്റ്റ്ഷിപ് കൗൺസിൽ ചേംബർ ഹാളിൽ നടക്കുന്ന അപൂർവമായ ഈ ചരിത്രമുഹൂർത്തത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ട്വീറ്റ് ചെയ്തു. ദശലക്ഷക്കണക്കിന് ആളുകളെ ഇന്ത്യയുടെ വികസന യാത്രയിൽ പങ്കെടുക്കാൻ മൻ കി ബാത്ത് പ്രചോദിപ്പിക്കുന്നുവെന്നും ട്വീറ്റിൽ പറയുന്നു.
വിവിധ സംഘടനകളുമായി ചേർന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ന്യൂജഴ്‌സിയിലും പരിപാടി പ്രക്ഷേപണം ചെയ്യുന്നുണ്ട്. 2014 ഒക്ടോബർ 3നാണ് ‘മൻ കി ബാത്ത്’ ആരംഭിക്കുന്നത്. പ്രചോദനാത്മകമായ വിഷയങ്ങളാണ് ‘മൻ കി ബാത്തി’ലൂടെ പ്രധാനമന്ത്രി ജനങ്ങളുമായി സംവധിക്കുന്നത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയാണ് ഓൾ ഇന്ത്യ റേഡിയോയിൽ ‘മൻ കി ബാത്തിന്റെ’ സംപ്രേഷണം.








