കൊച്ചി : മലയാള സിനിമാ ലോകത്ത് നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടുകളും വ്യാപകമായതോടെ കർശന നടപടികളുമായി ആദായനികുതി വകുപ്പ്. 40 കോടിയുടെ കള്ളപ്പണം ദുബായിലേക്ക് കടത്താൻ ശ്രമിച്ച യുവതാരത്തിന് പിഴയായി അടയ്‌ക്കേണ്ടി വന്നത് 25 കോടി രൂപയാണ്. നടനായും സംവിധായകനായും നിർമാതാവായും കഴിവ് തെളിയിച്ച പാൻ ഇന്ത്യ സ്റ്റാറായി വളർന്നുവരുന്ന യുവതാരത്തിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് പിടിവീണത്.
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിർമാതാവും ആയി ചേർന്ന് മൾട്ടിസ്റ്റാർ സിനിമയ്ക്ക് മുടക്കാനിരുന്ന തുകയായിരുന്നു ഇതെന്നാണ് സൂചന. പ്രഖ്യാപിച്ച സിനിമ പിന്നെ നടന്നില്ല. ആദായനികുതി വകുപ്പ് പിടികൂടിയതോടെ നികുതിയും ഇരട്ടിയിലേറെ പിഴയും ആനുപാതിക സെസ്സും ചേർത്ത് 25 കോടി രൂപയോളം അടച്ച് യുവതാരം കേസ് ഒത്തുതീർപ്പാക്കി. പിഴ ഈടാക്കിയതിനാൽ ആദായനികുതി വകുപ്പ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ല.
പ്രതിഫലത്തിലുമധികം തുക പല താരങ്ങളും കൈപ്പറ്റുന്നുണ്ടെന്നും ദുബായ് പോലുള്ള ഗൾഫ് രാജ്യങ്ങളിൽ വെച്ചാണ് ഈ കൈമാറ്റം നടക്കുന്നത് എന്നും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രതിഫലത്തിന്റെ 45 ശതമാനം മാത്രമാണ് കേരളത്തിൽ വെച്ച് വാങ്ങുന്നത്. ബാക്കി 55 ശതമാനം പണം കൈമാറ്റം ചെയ്യപ്പെടുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. അതിനാൽ പല നിർമ്മാതാക്കളും താരങ്ങൾക്ക് കൊടുക്കുന്നതിന്റെ പകുതി തുക മാത്രമേ പരസ്യപ്പെടുത്താറുള്ളൂവെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
Discussion about this post