തൃശ്ശൂർ: പൂരനഗരിക്ക് ആവേശം പകർന്ന് വെടിക്കെട്ട്. തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരി കൊളുത്തിയത്. ശേഷം പാറമേക്കാവിന്റെ വെടിക്കെട്ട് നടന്നു. കുടമാറ്റം അവസാനിച്ചതിന് ശേഷം വെടിക്കെട്ട് കാണാനുള്ള കാത്തിരിപ്പിലായിരുന്നു പൂരപ്രേമികൾ. പകൽപ്പൂരത്തിൽ ഇരുവിഭാഗവും ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങും.
പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റത്തിന് തുടക്കമായത്. മുപ്പത് ഗജവീരന്മാരാണ് കുടമാറ്റത്തിന് അണിനിരന്നത്. ഇന്നലെ രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് വടക്കുംനാഥന്റെ സന്നിധിയിലേക്ക് ആദ്യമെത്തിയത്. പിന്നീട് മറ്റ് ഏഴ് ഘടകപൂരങ്ങളും ക്രമത്തിൽ വടക്കുംനാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്തെത്തി. നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ചെമ്പുക്കാവ് ഭഗവതി ക്ഷേത്രം, ലാലൂർ ഭഗവതി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് ഘടകപൂരങ്ങളെത്തിയത്.












