മുംബൈ : സൽമാൻ ഖാന്റെ ഷൂട്ടിംഗ് സെറ്റുകളിൽ നടിമാർ കഴുത്തിറക്കം കൂടിയ വസ്ത്രങ്ങൾ ധരിച്ചെത്തരുത് എന്ന് നടൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന യുവ നടിയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരാധകർക്കിടയിൽ തന്നെ നിരവധി സംശയങ്ങളും ഉയർന്നിരുന്നു. എന്നാൽ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ.
സ്ത്രീ ശരീരം അമൂല്യമാണെന്നും അത് മൂടിവെയ്ക്കണമെന്നുമാണ് സൽമാൻ ഖാൻ പറഞ്ഞത്. സൽമാൻ ഖാൻ തന്റെ ചിത്രങ്ങളിൽ ഷർട്ട് അഴിച്ചുമാറ്റി അഭിനയിക്കുന്നുണ്ട്. എന്നാൽ സ്ത്രീകൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ വെക്കുന്നത് ഇരട്ടത്താപ്പ് അല്ലേയെന്നാണ് അവതാരക നടനോട് ചോദിച്ചു. ഇതിന് മറുപടിയായി ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് ഇല്ലെന്നും താരം പറഞ്ഞു. തന്റെ സെറ്റിലെ സ്ത്രീകളെ തെറ്റായ ഉദ്ദേശത്തോടെ പുരുഷന്മാർ നോക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.
അപ്പോൾ 17-ാം വയസ്സിൽ സൽമാൻ ഖാൻ അടിവസ്ത്രം മാത്രം ധരിച്ച് അഭിനയിച്ചിട്ടുണ്ടല്ലോയെന്ന് അവതാരക ചോദിച്ചു. ആ സമയത്ത് അത് കുഴപ്പമില്ലായിരുന്നുവെന്നും എന്നാൽ ഇന്നത്തെ അന്തരീക്ഷം വളരെ മോശമാണെന്നും താരം വെളിപ്പെടുത്തി.
നടി ശ്വേത തിവാരിയുടെ മകൾ പലക് തിവാരിയാണ് സൽമാന്റെ സെറ്റിൽ സ്ത്രീകൾക്ക് ഇറക്കം കൂടിയ കഴുത്തുള്ള വസ്ത്രം ധരിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞത്. എല്ലാവരും വൃത്തിയായി വസ്ത്രം ധരിക്കണമെന്ന് സൽമാന് നിർബന്ധമുണ്ടെന്നും പലക് പറഞ്ഞിരുന്നു. ഇത് വിവാദങ്ങൾക്കാണ് വഴിവെച്ചത്.
Discussion about this post