അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്ത്’ നടത്താൻ കേന്ദ്രസർക്കാർ 830 കോടി രൂപ ചെലവിട്ടുവെന്ന വിചിത്രവാദവുമായി ആം ആദ്മി ഗുജറാത്ത് അദ്ധ്യക്ഷൻ ഇസുദൻ ഗദ്വി. യാതൊരു അടിസ്ഥാനവുമില്ലാതെ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നുള്ള 830 കോടിയാണ് മൻ കി ബാത്ത് നടത്താൻ വേണ്ടി കേന്ദ്രം ചെലവഴിച്ചതെന്നാണ് ഇയാൾ ട്വിറ്ററിലിൽ കുറിച്ചത്. പിന്നാലെ ഗദ്വിക്കെതിരെ പരാതി ലഭിച്ചതിന് പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
തെളിവുകളോ രേഖകളോ ഇല്ലാതെയാണ് ഗദ്വി ഇത്തരമൊരു അവകാശവാദം ഉന്നയിച്ചതെന്ന് പോലീസ് ആരോപിച്ചു. തന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനോ സമർത്ഥിക്കുന്നതിനോ ആവശ്യമായ യാതൊരു തെളിവുകളും ഗദ്വിയുടെ പക്കൽ ഇല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സൈബർ ക്രൈം ബ്രാഞ്ചിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സൈബർ ക്രൈം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജെഎം യാദവ് പറഞ്ഞു.
അതേസമയം ഗദ്വിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിൽ പ്രതിഷേധവുമായി ആം ആദ്മിയും രംഗത്തെത്തി. അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിനാണ് തങ്ങളുടെ നേതാക്കൾക്കെതിരെ ഓരോ ദിവസവും കേസ് എടുക്കുന്നതെന്ന് എഎപി രാജ്യസഭാ എംപിയും ദേശീയ വക്താവുമായ രാഘവ് ഛദ്ദ ആരോപിച്ചു. നീക്കത്തെ ശക്തമായി അപലപിക്കുകയാണെന്നും ഛദ്ദ പറയുന്നു.








