ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടുത്ത അവകാശി ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ ഒരു മലയാളി കുടുംബത്തിനും പ്രത്യേക ക്ഷണം ലഭിച്ചിരിക്കുകയാണ്. 2000 ത്തോളം വിശിഷ്ടാതിഥികളെയാണ് ചാൾസ് മൂന്നാമൻ രാജാവും ഭാര്യ കാമില രാജ്ഞിയും ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ വയനാട്ടിൽ നിന്നുള്ള ഒരു ഡോക്ടറും കുടുംബവും ഉൾപ്പെടും.
ചാൾസ് രാജാവിന്റെയും ഭാര്യയുടെയും ഏറ്റവും പ്രിയപ്പെട്ട ഡോക്ടറായ ഡോ. ഐസക് മത്തായി നൂറനാലും ഡോ. സുജ ഐസക്കുമാണ് കേരളത്തിൽ നിന്ന് കിരീട ധാരണ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നത്. ചാൾസ് മൂന്നാമന്റെ കുടുംബവുമായുളള ഇരുപത് വർഷത്തെ അടുപ്പം തന്നെയാണ് ലോകനേതാക്കൾക്കും അതിവിശിഷ്ട വ്യക്തികൾക്കും മാത്രം ലഭിക്കുന്ന ഈ ക്ഷണക്കത്ത് തങ്ങൾക്ക് കിട്ടാൻ കാരണമെന്ന് ഡോക്ടർ പറയുന്നു.
ബംഗളൂരുവിലെ സൗഖ്യ ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിലെ ഡോക്ടറാണ് ഐസക് മത്തായി നൂറനാൽ. ഇവിടുത്തെ പതിവ് അതിഥിയാണ് കാമില. 2010 ലാണ് കാമില ഇവിടെ ആദ്യം എത്തുന്നത്. ഹോമിയോ, ആയുർവേദം തുടങ്ങിയ ചികിൽസാ രീതികളെ ഇഷ്ടപ്പെടുന്ന ചാൾസ് രാജകുമാരൻ 2019 ൽ സൗഖ്യയിലെത്തി. അന്ന് പിറന്നാൾ ആഘോഷിച്ചതും സൗഖ്യയിൽ വച്ചു തന്നെയായിരുന്നു. ഈ അടുപ്പമാണ് ഇവിടുത്തെ ഡോക്ടറെയും കുടുംബത്തെയും കിരീട ധാരണ ചടങ്ങിലേക്ക് ക്ഷണിക്കാനുള്ള പ്രധാന കാരണവും.
തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു കാര്യമാണിതെന്ന് ഡോ. ഐസക് പറഞ്ഞു. ഇരുപത് വർഷമായി അവരെ ചികിത്സിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതൊരു ബഹുമതിയായി കാണുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങിൽ നിന്നെക്കുന്ന പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും രാജകുടുംബങ്ങളും പങ്കെടുക്കുന്ന സദസ്സിലേക്കാണ് തന്നെ ക്ഷണിച്ചിരിക്കുന്നത്. ബക്കിങാം പാലസിൽ നടക്കുന്ന ഗാർഡൻ പാർട്ടിയിലേക്കും ക്ഷണിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.
Discussion about this post