ന്യൂഡൽഹി : ഖാലിസ്ഥാനി കമാൻഡോ ഫോഴ്സ് ചീഫ് പരംജിത് സിംഗ് പഞ്ച്വാർ എന്ന മാലിക് സർദാർ സിംഗിനെ അഞ്ജാതർ വെടിവെച്ച് കൊന്നു. ലഹോറിലെ ജോഹർ ടൗണിൽ വെച്ചാണ് ആക്രമണം നടന്നത്. ആയുധ ധാരികളായ രണ്ട് ഭീകരരെത്തി ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇന്ന് രാവിലെ ആറ് മണിയ്ക്ക് നടക്കാനിറങ്ങിയ പരംജിത് സിംഗിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. വീടിനടുത്ത് സൺഫ്ലവർ സൊസൈറ്റിയിൽ വച്ചാണ് ആക്രമണം നടന്നത്. പരംജിത് സിംഗിൻറെ ഗൺമാൻമാരിൽ ഓരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യയിൽ സിഖ് കലാപം, കൊലപാതകം, ഗൂഢാലോചന, ആയുധക്കടത്ത് എന്നിവ ആസൂത്രണം ചെയ്തതിന് പരംജിത് സിംഗിനെതിരെ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്ക് വേണ്ടി അന്വേഷണവും നടത്തിയിരുന്നു . മുൻ സൈനിക മേധാവി ജനറൽ എഎസ് വൈദ്യയുടെ കൊലപാതകത്തിലും ലുധിയാനയിൽ നടന്ന രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കവർച്ചയിലും ഇയാൾക്ക് പങ്കുണ്ട്.
പാക് ചാരസംഘടനയായ ഐഎസ്ഐയുമായി പരംജിത് സിംഗിന് അടുത്ത ബന്ധമുണ്ടായിരുന്നു. ടൺ ടരണിനടുത്തുളള പഞ്ചാർ ഗ്രാമത്തിലാണ് പരംജിത് സിംഗ് ജനിച്ചത്. 1986 വരെ സോഹാലിലെ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കിലായിരുന്നു ജോലി. ഖാലിസ്ഥാൻ കമാൻഡോ സേനയിലെ കമാൻഡറായിരുന്ന അമ്മാവൻ ലഭ് സിംഗിന്റെ സ്വാധീനത്തെ തുടർന്ന് പരംജിത് ഭീകര സംഘടനയിൽ ചേർന്നു.
ഇന്ത്യൻ സുരക്ഷാ സേനയുടെ കൈകളാണ് ലബ് സിംഗ് മരിച്ചതിനെ തുടർന്ന്, 1990 കളിൽ പഞ്ച്വാർ കെസിഎഫിന്റെ ചുമതല ഏറ്റെടുത്ത് പാകിസ്താനിലേക്ക് കടന്നു. പാകിസ്താനിൽ അഭയം പ്രാപിച്ച ഇന്ത്യ തേടുന്ന മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിൽ പഞ്ച്വാർ ഉണ്ടായിരുന്നു. അതിർത്തി കടന്നുള്ള ആയുധക്കടത്തും ഹെറോയിൻ കടത്തും വഴി ധനസമാഹരണം നടത്തി കെസിഎഫിനെ ഇയാൾ സജീവമാക്കി. ഭാര്യയും മക്കളും ജർമ്മനിയിലേക്ക് താമസം മാറ്റിയ ശേഷം ഇയാൾ ലാഹോറിൽ തന്നെ താമസിച്ചു.
എല്ലാ ഖാലിസ്ഥാനി തീവ്രവാദി ഗ്രൂപ്പുകളെയും ഏകീകരിക്കുന്ന ഒരു ‘സിഖ് ഭൂമി’ രൂപീകരിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. കാനഡ, യുകെ, പാകിസ്താൻ എന്നിവിടങ്ങളിൽ കെസിഎഫിന്റെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ട്. പടിഞ്ഞാറൻ യൂറോപ്പിൽ നിന്നും യുഎസിൽ നിന്നും ഇവർക്ക് പിന്തുണ ലഭിക്കുന്നുണ്ട്.
Discussion about this post