ലണ്ടൻ : നീണ്ട ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ബ്രിട്ടന് ഇന്ന് പുതിയ രാജാവിനെ ലഭിക്കുകയാണ്. ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ പുരോഗമിക്കുകയാണ്. ലോകമെമ്പാടും നിന്നും രണ്ടായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ നിരവധി ഇന്ത്യക്കാരും ഉൾപ്പെടുന്നു. അവർ ആരെല്ലാമാണെന്ന് നമുക്ക് നോക്കാം.
ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ചടങ്ങിലെ ക്ഷണിക്കപ്പെട്ട അതിഥിയാണ്. അദ്ദേഹവും ഭാര്യ സുധേഷ് ധൻകറും ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയിട്ടുണ്ട്. ബോളിവുഡ് താരം സോനം കപൂറാണ് കിരീടധാരണ ചടങ്ങിലെ മറ്റൊരു അതിഥി. കോമൺവെൽത്ത് വെർച്വൽ ഗായകസംഘത്തെ അവതരിപ്പിക്കുന്നത് സോനം കപൂറാണ്.
ഇത് കൂടാതെ മുംബൈയിൽ നിന്നുള്ള രണ്ട് ഡബ്ബാവാലകളും കിരീടധാരണ ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ട്. ഈ വിശേഷദിനത്തിൽ, വാർക്കാരി സമൂഹം നിർമ്മിച്ച പുണെരി തലപ്പാവും ഷാളും അവർ ബ്രിട്ടീഷ് രാജാവിന് സമ്മാനിക്കും. 2003-ൽ ഇന്ത്യ സന്ദർശന വേളയിൽ മുംബൈയിലെ പ്രശസ്തരായ ഉച്ചഭക്ഷണ വിതരണക്കാരെ ചാൾസ് സന്ദർശിച്ചിരുന്നു. അന്ന് ആംഭിച്ചതാണ് ഇവരുമായുള്ള പരിചയം. തുടർന്ന് കാമില പാർക്കർ ബൗൾസിനൊപ്പമുള്ള ചാൾസിന്റെ വിവാഹത്തിനും ഡബ്ബാവാലകളെ ക്ഷണിച്ചിരുന്നു.
രാജാവിന്റെ ചാരിറ്റി സംരംഭങ്ങളുമായി ബന്ധപ്പെട്ട നിരവധി ഇന്ത്യൻ കമ്മ്യൂണിറ്റി പ്രവർത്തകരെയും ക്ഷണിച്ചിട്ടുണ്ട്. ചാൾസിന്റെ ഫൗണ്ടേഷന്റെ ബിൽഡിംഗ് ക്രാഫ്റ്റ് പ്രോഗ്രാമിൽ നിന്നും പ്രിൻസ് ഫൗണ്ടേഷൻ സ്കൂൾ ഓഫ് ട്രഡീഷണൽ ആർട്‌സിൽ നിന്നും ബിരുദം നേടിയ പൂനെ സ്വദേശിയും 37 കാരനുമായ സൗരഭ് ഫഡ്‌കെയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം പ്രിൻസ് ട്രസ്റ്റ് ഗ്ലോബൽ അവാർഡിന് അർഹയായ 33 കാരിയായ ഗൾഫ്ഷയും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. അവർ ഡൽഹി സ്വദേശിയാണ്. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ താത്പര്യപ്രകാരം നിർമ്മാണ പ്രോജക്റ്റുകൾക്ക് എസ്റ്റിമേറ്റ് നൽകുന്ന ഒരു കൺസൾട്ടൻസി സ്ഥാപനത്തിലാണ് അവർ ജോലി ചെയ്യുന്നത്.
കാനഡയിൽ നിന്നുള്ള ഇന്ത്യൻ വംശജനായ ജയ് പട്ടേലും അതിഥി പട്ടികയിലുണ്ട്. ടൊറന്റോയിലെ ഐക്കണിക് സിഎൻ ടവറിൽ അദ്ദേഹത്തിന് ഷെഫ് ആയി ജോലി ലഭിച്ചതായി കൊട്ടാരം അറിയിച്ചു.
ബ്രിട്ടണിലെ ആദ്യ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കിരീടധാരണ ചടങ്ങിൽ ബൈബിൾ വായിക്കും. അദ്ദേഹവും ഭാര്യ അക്ഷതാ മൂർത്തിയും പതാകയേന്തുന്നവരുടെ ഘോഷയാത്ര നയിക്കും. പ്രഭു ഇന്ദ്രജിത് സിംഗ് സിഖ് വിശ്വാസത്തെയും ഇന്തോ-ഗയാനീസ് പൈതൃകത്തിലെ പ്രഭു സയ്യിദ് കമാൽ മുസ്ലീം വിശ്വാസത്തെയും പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുക്കും.
Discussion about this post