ചെന്നൈ: ഇസ്ലാമിക ഭീകരവാദം പ്രമേയമാകുന്ന ചിത്രം ദി കേരള സ്റ്റോറി നിരോധിക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്ന പശ്ചാത്തലത്തിൽ വിമർശനവുമായി ചലച്ചിത്ര താരങ്ങൾ. തമിഴ് നടിയും ബിജെപി വനിതാ നേതാവുമായ ഖുശ്ബുവുൾപ്പെടെയുള്ള താരങ്ങളാണ് വിമർശനവുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ ദി കേരള സ്റ്റോറിയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഖുശ്ബുവുൾപ്പെടെയുള്ള താരങ്ങൾ രംഗത്ത് എത്തിയത്.
കേരള സ്റ്റോറിയെ ഇത്രയ്ക്കും ഭയക്കുന്നത് എന്തിനാണെന്ന് ഖുശ്ബു ചോദിച്ചു. കാലങ്ങളായി മറച്ചുവച്ച നുണകൾ എല്ലാവരും അറിയുമെന്നുള്ള ഭയം കൊണ്ടാണോ സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്ത് കാണണമെന്ന് ആളുകൾ തീരുമാനിക്കട്ടെ. സിനിമയുടെ നിരോധനത്തിൽ തമിഴ്‌നാട് സർക്കാർ നൽകുന്ന വിശദീകരണങ്ങൾ അപര്യാപ്തമാണ്. നിർബന്ധമായും കേരള സ്റ്റോറി കണ്ടിരിക്കേണ്ട ചിത്രമാണെന്ന് ആളുകൾക്ക് ബോദ്ധ്യമാക്കി കൊടുത്തതിൽ നന്ദി പറയുന്നുവെന്നും ഖുശ്ബു പറഞ്ഞു.
കേരള സ്റ്റോറി നിരോധിക്കണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് ബോളിവുജ് താരം ശബാന ആസ്മിയുടെ വ്യക്തമാക്കി. സെൻസർ ബോർഡ് അംഗീകരിച്ച ചിത്രം നിരോധിക്കണമെന്ന് പറയാൻ ആർക്കും അധികാരമില്ലെന്നും ശബാന ആസ്മി വ്യക്തമാക്കി.
സിനിമയുടെ നിരോധനം ആവശ്യപ്പെട്ടുള്ള മുറവിളികളെക്കുറിച്ചുള്ള വാർത്തകൾ താൻ വായിച്ചതായി കങ്കണയും പറഞ്ഞു. ഹൈക്കോടതികൾ വരെ സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സിനിമയിൽ പരാമർശം ഇല്ലെന്നാണ് താൻ മനസ്സിലാക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ഉത്തരവാദിത്വപ്പെട്ട സംവിധാനങ്ങളാണ് ഹൈക്കോടതികൾ. അത് തന്നെ സിനിമ ശരിയാണെന്ന് പറയുന്നു. പിന്നെ എന്താണ് പ്രശ്‌നം എന്നും കങ്കണ ചോദിച്ചു.
Discussion about this post