ന്യൂഡൽഹി; പത്രസ്വാതന്ത്ര്യ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനത്തെ കുറിച്ച് പരാമർശിച്ച് സുപ്രീംകോടതിയിൽ നടന്ന വാദപ്രതിവാദം ശ്രദ്ധേയമാവുന്നു. പത്ര സ്വാതന്ത്ര്യ റാങ്കിംഗിൽ കോടതി ഉന്നയിച്ച പരമാർശത്തിന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്.
പത്രസ്വാതന്ത്ര്യ റാങ്കിംഗിൽ ഇന്ത്യ 161-ാം സ്ഥാനത്തേക്ക് വീണതിനെ നിസാരവത്കരിച്ചുകൊണ്ടാണ് തുഷാർ മേത്ത കോടതിയ്ക്ക് വ്യക്തമായ മറുപടി നൽകിയത്. “ ആരാണ് റേറ്റിംഗ് നൽകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എനിക്ക് സ്വന്തമായി ഒരു ഫോറം ഉണ്ടാക്കാം, ഇന്ത്യക്ക് ആദ്യ റേറ്റിംഗ് നൽകാം”, തുഷാർ മേത്ത കോടതിയെ അറിയിച്ചു.
റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ച വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിൽ 180 രാജ്യങ്ങളിൽ ഇന്ത്യ 161-ാം സ്ഥാനത്തേക്ക് വീണുവെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തോടുള്ള പ്രതികരണമായിരുന്നു ഈ പരാമർശം . 2022ൽ ഇന്ത്യ 150-ാം സ്ഥാനത്തായിരുന്നു.
“പത്രപ്രവർത്തന സ്വാതന്ത്ര്യത്തിൽ ഇന്ത്യ 161-ാം സ്ഥാനത്താണ്,” ബിൽക്കിസ് ബാനോ കേസിൽ വാദം കേൾക്കുന്നതിനിടയിലായിരുന്നു ,മൂന്നംഗ ബെഞ്ചിൽ ഉൾപ്പെട്ട ജസ്റ്റിസ് കെ.എം.ജോസഫിൻറെ ഈ പരാമർശം. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സ് പ്രകാരം അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, സൊമാലിയ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും ജസ്റ്റിസ് കെ.എം ജോസഫ് ചൂണ്ടിക്കാട്ടി. എനിക്കും സ്വന്തമായി ഒരു ഫോറമുണ്ടാക്കി സൌകര്യമുള്ള റാങ്കിംഗ് ഇന്ത്യയ്ക്ക് നൽകാനാവുമെന്ന ഉരുളയ്ക്ക ഉപ്പേരിപോലെയുള്ള മറുപടിയായിരുന്നു തുഷാർമേത്ത കോടതിയ്ക്ക് നൽകിയത്.
Discussion about this post