മുംബൈ: ബോളിവുഡ് നടൻ സൽമാന് ഖാന് ഗുണ്ടാത്തലവൻ ഗോൾഡി ബ്രാറിന്റെ പേരിൽ ഭീഷണി സന്ദേശമയച്ചത് യുകെയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിയാണെന്ന് പോലീസ്. മെഡിസിന് പഠിക്കുന്ന വിദ്യാർത്ഥിയാണിതെന്നാണ് വിവരം. വിദ്യാർത്ഥിയുടെ പേരിൽ മുംബൈ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഹരിയാന സ്വദേശിയായ ഈ വിദ്യാർത്ഥി കഴിഞ്ഞ മാർച്ചിലാണ് ഗോൾഡി ബ്രാറിന്റെ പേരിൽ സൽമാൻ ഖാന് ഭീഷണി സന്ദേശങ്ങൾ അയച്ചത്. ഇമെയിൽ അയച്ചത് ഈ വിദ്യാർത്ഥിയാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ഇയാളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പോലീസ് ആരംഭിച്ചത്. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്. അക്കാദമിക് സെഷൻ പൂർത്തിയാക്കിയതിന് ശേഷം ഈ വർഷം അവസാനത്തോടെ കുട്ടിയെ തിരികെ ഇന്ത്യയിലേക്ക് എത്തിക്കാനാണ് സാധ്യത.
സൽമാൻ ഖാന്റെ ഔദ്യോഗിക ഐഡിയിലേക്കാണ് വധഭീഷണി സന്ദേശം ലഭിച്ചത്. നേരിട്ട് കണ്ട് അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ പരിണിതഫലം നേരിടേണ്ടി വരുമെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു. സൽമാൻ ഖാന് വധഭീഷണി സന്ദേശം അയച്ചതിന്റെ പേരിൽ 16 വയസ്സുകാരനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാജസ്ഥാൻ സ്വദേശിയായ ഇയാൾ മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് വിളിച്ചാണ് വധഭീഷണി മുഴക്കിയത്.









