ന്യൂഡൽഹി : ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷം പെൺകുട്ടികളെ വേട്ടയാടി പീഡിപ്പിച്ച കൊലപ്പെടുത്തിയയാൾ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. ഡൽഹിയിലെ തൊഴിലാളിയായ രവീന്ദ്ര കുമാർ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. ലഹരിക്കും അശ്ലീല ചിത്രങ്ങൾക്കും അടിമയായ ഇയാൾ രാത്രികാലങ്ങളിൽ പുറത്തിറങ്ങി കിലോമീറ്ററുകളോളം നടന്ന് പെൺകുട്ടികളെ പീഡിപ്പിക്കുകയാണ് രീതിയെന്ന് പോലീസ് കണ്ടെത്തി.
2008 ൽ 18 വയസുളളപ്പോഴാണ് ഇയാളിത് ആരംഭിച്ചത്. 2015 വരെ 30 ഓളം പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ഏറ്റവും അവസാനം ആറ് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുകയായിരുന്നു. ഇയാൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയിൽ കോടതി ശിക്ഷ വിധിക്കും.
2008 ൽ ജോലി തേടിയാണ് രവീന്ദ്ര കുമാർ യുപിയിൽ നിന്ന് ഡൽഹിയിലെത്തിയത്. അച്ഛൻ പ്ലംബറാണ്. ഡൽഹിയിലെത്തിയതിന് പിന്നാലെ ഇയാൾ മയക്കുമരുന്ന് ഉപയോഗം ആരംഭിക്കുകയും ലഹരിക്ക് അടിമയാവുകയും ചെയ്തു. അശ്ലീല വീഡിയോകൾ കാണാൻ തുടങ്ങിയതോടെയാണ് കൂടുതൽ അക്രമാസക്തമായത്.
ദിവസം മുഴുവൻ ജോലി ചെയ്യുന്ന രവീന്ദ്ര കുമാർ വൈകുന്നേരങ്ങളിൽ ലഹരി ഉപയോഗിച്ച് കിടന്നുറങ്ങും. അർദ്ധരാത്രിയായാൽ എഴുന്നേറ്റ് കുട്ടികളെ അന്വേഷിച്ച് നടക്കും. ഇരകളെ തേടി ചിലപ്പോൾ 40 കിലോമീറ്റർ വരെ നടക്കാറുണ്ട്. നിർമ്മാണ സൈറ്റുകളിലും ചേരികളിലുമുള്ള കുട്ടികളെയാണ് ലക്ഷ്യമിടുക. കുട്ടികളെ പത്ത് രൂപയോ അല്ലെങ്കിൽ മിഠായിയോ കൊടുത്ത് വശത്താക്കി വിജനമായ പ്രദേശങ്ങളിലെത്തിച്ചാണ് പീഡിപ്പിക്കുക.
പീഡനത്തിന് ശേഷം പിടിക്കപ്പെടുമെന്ന് ഭയന്ന് കുട്ടികളെ കൊലപ്പെടുത്തുകയും പതിവാണ്. ഒരേ സ്ഥലത്ത് രണ്ട് തവണ കൃത്യം നടത്താറില്ല. 2014 ൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് രവീന്ദ്ര കുമാറിനെ ഡൽഹി പോലീസ് പിടികൂടിയത്. കൊലപ്പെടുത്തിയ ശേഷം കുട്ടിയെ സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു. ഡൽഹിയിലെ രോഹിണിയിലുള്ള സുഖ്ബീർ ബസ് സ്റ്റാന്റിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതി കുറ്റങ്ങൾ സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Discussion about this post