അമൃത്സർ: അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനമുണ്ടായെന്ന് സംശയം. പ്രദേശത്ത് നിന്ന് വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. ഇന്നലെ രാത്രി 12.15നും 12.30ക്കും ഇടയിലാണ് ശ്രീ ഗുരു രാംദാസ് ജി നിവാസിനോട് ചേർന്ന് പൊട്ടിത്തെറിയുണ്ടായത്.
കഴിഞ്ഞ ആഴ്ച രണ്ട് ദിവസങ്ങളിലായി അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം ഉണ്ടായിരുന്നു. മണിക്കൂറുകളുടെ ഇടയിലാണ് ക്ഷേത്രത്തിന് സമീപത്തായി സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ക്ഷേത്രത്തിന് സമീപമുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.
രണ്ടാമത്തെ സ്ഫോടനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല. ഒരേ സ്ഥലത്ത് തുടർച്ചയായുണ്ടായ സ്ഫോടനങ്ങൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സുവർണ ക്ഷേത്രത്തിലും പരിസരത്തും പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള അക്രമസംഭവങ്ങളാകാം ഇതെന്ന നിഗമനവും പോലീസ് പങ്കുവയ്ക്കുന്നുണ്ട്.
Discussion about this post