സ്ഥാനമൊഴിയാനൊരുങ്ങുന്ന ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിൻ വിവാഹമോചിതയാകുന്നു. ഭർത്താവ് മാർക്കസ് റൈക്കോണുമായി പിരിയാനൊരുങ്ങുകയാണെന്ന കാര്യം സന്ന മാരിൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവച്ചത്. ഒരുമിച്ച് ഉണ്ടായിരുന്ന 19 വർഷത്തോടും തങ്ങളുടെ മകളോടും നന്ദിയുണ്ട്. ഭാവിയിൽ നല്ല സുഹൃത്തുക്കളായി തുടരുമെന്നും സന്ന മാരിൻ കുറിച്ചു.
അഞ്ച് വയസ്സ് പ്രായമുള്ള മകളാണ് ഇരുവർക്കും ഉള്ളത്. വർഷങ്ങളായി ഒരുമിച്ച് താമസിച്ചിരുന്ന ഇവർ 2020ലാണ് വിവാഹിതരാകുന്നത്. 2019ൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടവുമായാണ് സന്ന മാരിൻ ഫിൻലൻഡിന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ മാസം നടന്ന ഫിൻലൻഡ് തിരഞ്ഞെടുപ്പിൽ സന്ന മാരിന്റെ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റ് പരാജയപ്പെട്ടിരുന്നു. ആഗോളതലത്തിൽ മികച്ച പ്രതിച്ഛായയുണ്ടെങ്കിലും സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ രാജ്യത്ത് ഇവർ ഏറെ പഴികേട്ടിരുന്നു.
സന്ന മാരിൻ അധികാരമേറ്റ ശേഷം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഇത് ജനങ്ങൾക്കിടയിൽ ഇവരുടെ പ്രതിച്ഛായക്ക് വലിയ കോട്ടം വരാൻ കാരണമായി. അതോടൊപ്പം കഴിഞ്ഞ വർഷം സന്ന മാരിൻ തന്റെ വസതിയിൽ നടത്തിയ വിരുന്നിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിന്റേയും നൃത്തം ചെയ്യുന്നതിന്റേയും ദൃശ്യങ്ങൾ പുറത്ത് വന്നതും വിവാദമായിരുന്നു. വിഷയത്തിൽ സന്ന മാരിൻ പിന്നീട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.
Discussion about this post