ന്യൂഡൽഹി : ക്യാമ്പസിൽ അനധികൃതമായി പ്രവേശിച്ച് വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഡൽഹി സർവകലാശാല. ഒരു ദേശീയ പാർട്ടിയുടെ നേതാവിൽ നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിക്കുന്നില്ലെന്ന് നോട്ടീസിൽ പറഞ്ഞു. രാഹുൽ ഗാന്ധി ഇത് ആവർത്തിക്കരുത് എന്നും സർവകലാശാല നോട്ടീസിൽ വ്യക്തമാക്കി.
ഇസഡ് പ്ലസ് സുരക്ഷയുള്ള ഒരു ദേശീയ പാർട്ടിയുടെ നേതാവിൽ നിന്ന് ഇത്തരമൊരു അന്തസ്സില്ലാത്ത പെരുമാറ്റമല്ല പ്രതീക്ഷിക്കുന്നത്. ഇത് അതിക്രമിച്ച് പ്രവേശിക്കുന്നതിനും നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിനും തുല്യമാണ്. ഭാവിയിൽ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധി പിന്മാറണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ‘അപ്രതീക്ഷിതമായ സന്ദർശനം’ നടത്തിയതിലൂടെ രാഹുൽ ഗാന്ധി ഹോസ്റ്റലിലെ നിർദ്ദിഷ്ട നിയമങ്ങൾ ലംഘിച്ചതായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
സംഭവത്തിൽ ഹോസ്റ്റൽ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനും മറ്റ് അംഗങ്ങളും അപലപിച്ചു. രാഹുലിന്റെ സന്ദർശനം ഹോസ്റ്റലിൽ ഉണ്ടായിരുന്ന എല്ലാ വിദ്യാർത്ഥികളെയും ഗുരുതരമായ അപകടസാധ്യതയിലേക്കും സുരക്ഷാ പ്രശ്‌നങ്ങളിലേക്കും നയിച്ചു. ഇത് കണക്കിലെടുത്ത്, ഇത്തരം നടപടികൾ രാഹുൽ ഗാന്ധി അവസാനിപ്പിക്കണം എന്ന് കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുൽ ഗാന്ധി ഡൽഹി സർവകലാശാല മെൻസ് ഹോസ്റ്റലിൽ സന്ദർശനം നടത്തിയത്. വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് സംസാരിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്. എന്നാൽ സർവകലാശാലയുടെ ആൺകുട്ടികൾക്കായുളള ഒരു ഹോസ്റ്റലിൽ രാഹുൽ മുന്നറിയിപ്പില്ലാതെ നടത്തിയ സന്ദർശനം സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കിയെന്ന് സർവ്വകലാശാല അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് ഒരു പൊതുസ്ഥലമല്ല, ആർക്കും എപ്പോഴും എവിടെയും പോകുന്നത് പോലെ ഇവിടെ വരാനാകില്ല. വിദ്യാർത്ഥികൾ പോലും അല്ലാത്ത ഒരു സംഘത്തിനൊപ്പമാണ് രാഹുൽ വന്നത്. ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുളള നേതാവാണ് രാഹുൽ. ക്യാമ്പസിൽ വെച്ച് എന്തെങ്കിലും സംഭവിച്ചാൽ ആരാകും ഉത്തരവാദിയെന്നും പ്രോക്ടർ ചോദിച്ചു.
Discussion about this post