സാൻഫ്രാൻസിസ്‌കോ: ട്വിറ്ററിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ഇലോൺ മസ്‌ക് ഒഴിയുകയാണെന്ന് സൂചന. ട്വിറ്ററിന്റെ പുതിയ മേധാവിയെ നിയമിച്ചിട്ടുണ്ടെന്നും ഇവർ ആറ് ആഴ്ചയ്ക്കുള്ളിൽ ചുമതലയേൽക്കുമെന്നുമാണ് മസ്‌ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതോടെ താൻ ചീഫ് ടെക്‌നോളജിസ്റ്റ്, എക്‌സ്‌ക്യുട്ടീവ് ചെയർമാൻ എന്ന പുതിയ റോളിലേക്ക് മാറുമെന്നും മസ്‌ക് തന്റെ ട്വീറ്റിൽ പറയുന്നു.
എന്നാൽ പുതിയ സിഇഒ ആരാണെന്നുള്ള കാര്യം മസ്‌ക് വ്യക്തമാക്കിയിട്ടില്ല. താൻ ട്വിറ്ററിന്റെ സ്ഥിരം സിഇഒ അല്ലെന്ന് മസ്‌ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പറ്റിയ ആളെ കണ്ടെത്തിയാൽ താൻ സ്ഥാനം ഒഴിയുമെന്നാണ് ഫെബ്രുവരിയിൽ മസ്‌ക് പറഞ്ഞത്. എൻബിസി യൂണിവേഴ്സൽ മീഡിയയിലെ ഗ്ലോബൽ അഡ്വർടൈസിംഗ്, പാർട്ണർഷിപ്പുകളുടെ ചെയർമാനായ ലിൻഡ യക്കാരിനോ ആയിരിക്കും ഈ പദവിയിലേക്ക് എത്തുന്നതെന്ന് ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. സ്ഥാനം ഏറ്റെടുത്തതിന് ശേഷം കമ്പനിക്കുള്ളിൽ മസ്‌ക് നടപ്പാക്കിയ മാറ്റങ്ങൾക്കെതിര വലിയ തോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു. താൻ സ്ഥാനം ഒഴിയണോ എന്നറിയാൻ ജനങ്ങൾക്കിടയിൽ മസ്‌ക് പിന്നീട് ഒരു അഭിപ്രായ സർവേയും നടത്തിയിരുന്നു. ഇതിൽ 57.5 ശതമാനം പേരും മസ്‌ക് സ്ഥാനം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടത്.












