മുംബൈ: ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും സഖ്യകക്ഷിയായ ബിജെപിയും പുതിയ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കത്തിൽ സുപ്രീംകോടതി വിധി പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി ഉദ്ധവ് രംഗത്തെത്തിയിരിക്കുന്നത്.
‘നമുക്ക് ഒരു തിരഞ്ഞെടുപ്പിനെ നേരിടാം. അന്തിമ തീരുമാനം ജനങ്ങൾ എടുക്കട്ടെ. ഞാൻ രാജിവച്ചതുപോലെ, ധാർമികതയുടെ പേരിൽ ഏകനാഥ് ഷിൻഡെയും രാജിവയ്ക്കണം. ശിവസേന എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെ ഒരിക്കൽ കൂടി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സ്പീക്കർ സമയപരിധിക്കുള്ളിൽ തീരുമാനം എടുക്കണം, നിലവിൽ സ്പീക്കർ വിദേശത്താണ്. അദ്ദേഹം തിരിച്ചെത്തിയാലുടൻ തീരുമാനം ഉണ്ടാകണം. മഹാരാഷ്ട്രയുടെ പേര്‌ചെളിയിലൂടെ വലിച്ചിഴയ്ക്കപ്പെടുകയാണ്. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നും” ഉദ്ധവ് താക്കറെ പറഞ്ഞു.
ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇന്നലെയാണ് വിഷയത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനാൽ ഉദ്ധവിനെ തിരിച്ചെടുക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഏകനാഥ് ഷിൻഡെയുടെ സർക്കാർ രൂപീകരണത്തിൽ ഇടപെടാൻ കഴിയില്ല. ഷിൻഡെ സർക്കാർ നിയമപരമായി തന്നെയാണ് അധികാരത്തിലെത്തിയത്. ഉദ്ധവ് താക്കറെ സർക്കാർ രാജി വയ്ക്കുകയായിരുന്നുവെന്നും വിശ്വാസ വോട്ട് നേരിട്ടിരുന്നെങ്കിൽ മുൻ സ്ഥിതി പുനഃസ്ഥാപിക്കുമായിരുന്നുവെന്നുമാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കിയത്.










