ശ്രീനഗർ: ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായുള്ള യോഗത്തിനായി മുഖം മിനുക്കി ജമ്മു കശ്മീർ. ഉച്ചകോടിയോട് അനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് കശ്മീരിൽ പുരോഗമിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയുടെ സാംസ്കാരിക യോഗത്തിന് ശ്രീനഗറാണ് വേദിയാകുന്നത്.
പരിപാടിയ്ക്കായി നഗരം തയ്യാറായെന്ന് ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ആദർ അമീൻ ഖാൻ വ്യക്തമാക്കി. പ്രധാന മലനിരകൾ, പ്രതിമകൾ, പ്രധാന സ്ഥലങ്ങൾ എന്നിവയെല്ലാം ലൈറ്റുകൾ ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്. റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരിപാടി ഗംഭീരമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതിയ്ക്ക് കീഴിലുള്ള ആദ്യ വികസിത നഗരമാണ് ശ്രീനഗർ. ഇതേ തുടർന്നാണ് ഇവിടം തന്നെ പരിപാടിയ്ക്ക് വേദിയാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ നിരവധി വികസനങ്ങളാണ് ശ്രീനഗറിൽ എത്തിച്ചിട്ടുള്ളത്.
Discussion about this post