നെടുമ്പാശേരി: വിമാനത്തിൽ കയറുന്നതിനിടെ മഴ നനഞ്ഞ് പനി പിടിച്ച യാത്രക്കാരന് വിമാനത്താവള അധികൃതർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക കമ്മീഷന്റെ ഉത്തരവ്. കൊച്ചി വിമാനത്താവളത്തിനെതിരെയാണ് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി വന്നിരിക്കുന്നത്. 16,000 രൂപ നഷ്ടപരിഹാരം നൽകാനാണ് നിർദ്ദേശം. എട്ട് വർഷം മുൻപുള്ള കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
കൊച്ചി വെണ്ണല സ്വദേശിയായ ടി.ജി.എൻ.കുമാർ ആണ് പരാതിക്കാരൻ. 2015ൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടാൻ എത്തിയപ്പോഴായിരുന്നു സംഭവം. കൊച്ചി വിമാനത്താവളത്തിൽ അന്ന് ടെർമിനൽ സൗകര്യം ഉണ്ടായിരുന്നില്ല. കോഴിക്കോട് നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലേക്ക് വഴി തിരിച്ച് വിട്ടത് മൂലം യാത്രക്കാരന് ബുദ്ധിമുട്ട് ഉണ്ടായെന്നും കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം ഉപഭോക്തൃ തർക്ക കമ്മീഷനിൽ നിന്നും ഇത് സംബന്ധിച്ച് അറിയിപ്പുകൾ ഒന്നും കിട്ടിയിട്ടില്ലെന്ന് സിയാൽ അധികൃതർ പറയുന്നു. ഉത്തരവ് കിട്ടുന്ന മുറയ്ക്ക് അപ്പീൽ പോകും. ടെർമിനൽ ഇല്ലാതിരുന്ന കാലത്താണ് ഈ പരാതി പോയിരിക്കുന്നത്. ഇന്ന് ഇത്തരം പ്രശ്‌നങ്ങൾ ഒന്നും ഇവിടെ ഉണ്ടാകാറില്ലെന്നും സിയാൽ വിമാനത്താവള അധികൃതർ പറയുന്നു.












