ന്യൂഡൽഹി: ഇലട്രിക് വാഹനമേഖലയ്ക്ക് പുത്തൻ പ്രതീക്ഷയേകി കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്ത് ഇലട്രിക് ഹൈവേകൾ സാധ്യമാക്കുന്നതിനെ കുറിച്ച് പ്രമുഖരുമായി ചർച്ച നടത്തുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
തദ്ദേശീയ സാങ്കേതിക വിദ്യയുടെ വികസനത്തിന് ഊന്നൽ നൽകുന്നതിനൊപ്പം, സാമ്പത്തികമായി ലാഭകരമായ ഇലക്ട്രിക് ഹൈവേകളുടെ വികസനത്തിനായി നിരവധി കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഇൻഡസ്ട്രി (സിഐഐ) യുടെ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെ നിതിൻ ഗഡ്കരി പറഞ്ഞു.
ചാർജിംഗ് സൗകര്യങ്ങൾക്കൊപ്പം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് കാറുകളും ഉപയോഗിച്ച് തങ്ങളുടെ ശ്രേണി വിപുലീകരിക്കാൻ ഓട്ടോമൊബൈൽ കമ്പനികളും ശ്രമിക്കുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ നിർണായക വെളിപ്പെടുത്തൽ.
ലിയ ട്രക്കുകളുടെയും ബസുകളുടെയും ചാർജിങ്ങ് എളുപ്പമാക്കുന്ന തരത്തിലായിരിക്കും ഇ-ഹൈവേ നിർമിക്കുന്നത്. വൈദ്യുതോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന തരത്തിൽ ഇന്ത്യയുടെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.
ഇലക്ട്രിക് ഹൈവേകൾ വികസിപ്പിക്കുന്നതിനായി സർക്കാർ പ്രവർത്തിച്ചു വരികയാണ്. അവ സൗരോർജ്ജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. ഇതിലൂടെ വലിയ ട്രക്കുകളുടെയും ബസുകളുടെയും ചാർജിങ്ങും എളുപ്പമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post