കണ്ണൂർ: കർണാടകയിലെ കോൺഗ്രസ് മുന്നേറ്റത്തിൽ സന്തോഷം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ കുറിച്ച് വാചാലനായ എംവി ഗോവിന്ദൻ, സിപിഎമ്മിന്റെ വമ്പൻ പരാജയത്തെ കുറിച്ച് പ്രതികരണമൊന്നും നടത്തിയില്ല.
വർഗ്ഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക് സഭ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം. ബി ജെ പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് രാജ്യത്ത് നിന്നും ബിജെപിയെ പുറത്താക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മത്സരിച്ച നാലിടത്തും വോട്ടുകൾ കാര്യമായി നേടാനാകാതെ സിപിഎം കർണാടകയിൽ അപ്രസക്തമാകുകയാണ്.വിജയസാധ്യതയുണ്ടെന്ന് വാദിച്ച് മൂന്നിടത്ത് ജനതാദൾ എസിന്റെ പിന്തുണയോടെയായിരുന്നു സിപിഎം മത്സരത്തിനിറങ്ങിയത്. സിപിഎം മൂന്നു തവണ ജയിച്ച, ചിക്കബല്ലാപൂർ ബാഗേപ്പള്ളയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഡോ. എ അനിൽ കുമാർ മൂന്നാം സ്ഥാനത്താണ്. കോൺഗ്രസ് സ്ഥാനാർത്ഥി എസ് എൻ സുബ്ബറെഡ്ഡിയാണ് ലീഡ് നിലനിർത്തുന്നത്.
സംവരണ സീറ്റായ ഗുൽബർഗ് റൂറലിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും താലൂക്ക് സെക്രട്ടറിയുമായ പാണ്ഡുരംഗ മാവിൻകറിന് മൂന്നക്കം പോലും വോട്ട് നേടാനായില്ല. ബിജെപിയുടെ ബസവരാജ് മാട്ടിമുഡുവാണ് ലീഡ് നിലനിർത്തുന്നത്.
സിഐടിയു നേതാവും പാർട്ടി സോണൽ കമ്മിറ്റിയംഗവുമായ നഞ്ചെ ഗൗഡ മത്സരിക്കുന്ന കെ ആർ പുരയിൽ കേവലം 446 വോട്ട് മാത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് നേടാനായത്. ബിജെപിയുടെ ബിഎ ബസവരാജ 65,545 വോട്ടുകളുമായി ശക്തമായ ഭൂരിപക്ഷം നേടുകയാണ്.
സ്വർണഖനികളുടെ നാടായ കോലാറിലെ കെജിഎഫ് മണ്ഡലത്തിൽ ജില്ലാ കമ്മിറ്റിയംഗം പി തങ്കരാജാണ് സിപിഎമ്മിനായി മത്സരത്തിനിറങ്ങിയത്. എന്നലിവിടെ കോൺഗ്രസിന്റെ രൂപ കലയും ബിജെപിയുടെ അശ്വനിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്
Discussion about this post