ഛണ്ഡീഗഡ്: പഞ്ചാബിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. മറ്റൊരു ഗുണ്ടാ നേതാവിന് ഗുരുതരമായി പരിക്കേറ്റു. ഹോഷിയാർപൂരിലായിരുന്നു സംഭവം.
സജൻ. ഛന്ന എന്നിവർ നേതൃത്വം നൽകുന്ന ഗുണ്ടാ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. ഇരു വിഭാഗങ്ങളും തമ്മിൽ കഴിഞ്ഞ ഏറെ കാലമായി സഘർഷം തുടരുകയാണ്. ഇതിനിടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായി പിപ്ലൻവാലയിൽ സജനും ഛന്നയും തമ്മിൽ ചർച്ചയ്ക്കായി വഴിയിൽ ഒത്തു ചേർന്നു. എന്നാൽ ഇവിടെ വച്ചും ഇരുവരും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. ഇതോടെ ഇവരുടെ സംഘങ്ങൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയും വെടിയുതിർക്കകയും ചെയ്തു.
ആക്രമണത്തിൽ സജൻ ആണ് കൊല്ലപ്പെട്ടത്. ഛന്നയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.








