തിരുവനന്തപുരം/ കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. ഇന്ന് അർദ്ധ രാത്രിയോടെ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ സ്വാധീനത്താൽ കേരളം, ബംഗാൾ എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ ലഭിക്കും.
നിലവിൽ വടക്ക്- വടക്ക് കിഴക്ക് ഭാഗത്തേക്ക് ആണ് നിലവിൽ കാറ്റിന്റെ സഞ്ചാരം. ഇതിനിടെ ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ- മദ്ധ്യഭാഗത്ത് വച്ച് കാറ്റ് കൂടുതൽ ശക്തി പ്രാപിക്കാനാണ് സാദ്ധ്യത. മണിക്കൂറിൽ 150 കിലോ മീറ്റർ വേഗതയെങ്കിലും കാറ്റിന് കൈവരുമെന്നാണ് കരുതുന്നത്. പിന്നീട് ബംഗ്ലാദേശിന്റെ തീരത്ത് എത്തുന്നതോടെ കാറ്റിന്റെ വേഗത കുറയും.
നാളെയോടെയാകും മോഖ ബംഗ്ലാദേശിന്റെ തീരം തൊടുക. ബംഗ്ലാദേശിനും കോക്‌സ് ബസാറിനും ഇടയിലൂടെ മണിക്കൂറിൽ 175 കിലോ മീറ്റർ വേഗത്തിലാകും കാറ്റ് കരതൊടുക.
അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ബംഗാളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യം നേരിടാൻ ദുരന്തനിവാരണ സേനയും സജ്ജമാണ്. 200 ഓളം സേനാംഗങ്ങളാണ് വിന്യസിച്ചിട്ടുള്ളത്.
Discussion about this post