ന്യൂഡൽഹി; മോഖ ചുഴലിക്കാറ്റ് ഞായറാഴ്ച ഉച്ചയോടെ കരയിലേക്ക് പ്രവേശിച്ചു. ബംഗ്ലാദേശിലും മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തെ സിറ്റ്വെ ടൗൺഷിപ്പിന് സമീപത്തുമായാണ് കരയിലേക്ക് പ്രവേശിച്ചത്. ശക്തമായ കാറ്റിൽ മ്യാൻമറിൽ കെട്ടിടങ്ങളുടെ മേൽക്കൂര ഇടിഞ്ഞുവീണ് മൂന്നുപേർ മരിച്ചു. മ്യാൻമറിൽ ആകെ നാശം വിതച്ച കാറ്റിൽ തെരുവുകൾ പുഴയായി മാറി. മരങ്ങൾ കടപുഴകി വീഴുകയും സിറ്റ്വെ നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് ദുർബലമായതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു.
മ്യാൻമർ തീരത്ത് വീശിയടിച്ച കൊടുങ്കാറ്റിൽ നിന്നും രക്ഷപ്പെടുത്താനായി ആയിരക്കണക്കിന് ആളുകളെ ആശ്രമങ്ങളിലേക്കും പഗോഡകളിലേക്കും സ്‌കൂളികളിലേക്കും മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ബംഗ്ലാദേശിൽ കണ്ട അതിശക്തമായ ചുഴലിക്കാറ്റായിരിക്കും മോഖയെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പു നൽകി. കാറ്റിന്റെ തീവ്രത കുറഞ്ഞ് ദുർബലമായെങ്കിലും പശ്ചിമബംഗാളിലും ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിവധ തീരപ്രദേശങ്ങളിൽ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.








