റാഞ്ചി: അമിത് ഷായെ കൊലപാതകിയെന്ന് വിളിച്ച് ആക്ഷേപിച്ച സംഭവത്തിൽ രാഹുലിനെതിരെ കീഴ്‌ക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ ഝാർഖണ്ഡ് ഹൈക്കോടതിയിൽ വാദം തുടരും. ഇരുവിഭാഗങ്ങളോടും അവരുടെ വാദങ്ങളുടെ ചുരുക്കരൂപം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
അഭിഭാഷകരായ പീയൂഷ് ചിത്രേഷ്, ദീപാങ്കർ റായ് എന്നിവരാണ് രാഹുലിന് വേണ്ടി ഹാജരായത്. ബിജെപി നേതാവ് നവീൻ ഝായാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. 2018 ൽ ഝാർഖണ്ഡിലെ ചയ്ബാസയിൽ നടന്ന കോൺഗ്രസ് സെഷനിലായിരുന്നു രാഹുലിന്റെ വിവാദമായ പരാമർശം.
കൊലപാതക കേസിൽ പ്രതിയായ ഒരാളെ അദ്ധ്യക്ഷനാക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂവെന്നും കോൺഗ്രസിൽ നടക്കില്ലെന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ. റാഞ്ചിയിലെ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് നോട്ടീസ് അയച്ചത്. അടുത്ത ദിവസം കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ആയിരുന്നു നിർദ്ദേശിച്ചത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയിലെത്തിയത്.
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ രാഹുലിനെതിരെ തുടർ നടപടി സ്വീകരിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. രാഹുലിന്റെ പരാമർശം അമിത് ഷായുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരനായ നവീൻ ഝാ റാഞ്ചി കോടതിയെ സമീപിച്ചത്.
അടുത്തിടെയാണ് 2019 ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ രാഹുലിനെ സൂററ്റ് കോടതി രണ്ട് വർഷത്തേക്ക് ശിക്ഷിച്ചത്. ഇതേ തുടർന്ന് രാഹുലിന്റെ ലോക്‌സഭാംഗത്വം ഉൾപ്പെടെ റദ്ദാക്കപ്പെട്ടിരുന്നു.








