ഹൗറ: പുരി- ഹൗറ റൂട്ടിലുള്ള പുതിയ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്‌ളാഗ്ഓഫ് ചെയ്യും. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങ്. ഒഡീഷയിൽ ഖോർധ, കട്ടക്ക്, ജാജ്പൂർ, ഭദ്രക്, ബാലസോർ ജില്ലകളിലൂടെയും ബംഗാളിലെ പശ്ചിമ മേദിനിപൂർ, പുർബ മേദിനിപൂർ ജില്ലകളിലൂടെയും ട്രെയിൻ കടന്നുപോകും. അത്യാധുനിക സൗകര്യങ്ങളാണ് വന്ദേഭാരതിൽ സജ്ജീകരിച്ചിരിക്കുന്നത്.
പ്രദേശത്തെ ടൂറിസം മേഖല വികസിക്കാനും സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരാനും വന്ദേഭാരത് സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം ഇത് വഴി ട്രെയിനിന്റെ ട്രയൽറൺ നടത്തിയിരുന്നു. ഒഡീഷയിൽ 8000 കോടി രൂപയ്ക്ക് നിരവധി പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും.
പുരി, കട്ടക്ക് റെയിൽവേ സ്റ്റേഷൻ നവീകരണത്തിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. നവീകരിക്കുന്ന സ്റ്റേഷനുകളിൽ റെയിൽവേ യാത്രക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറയുന്നു. സംബൽപൂർ-തിത്ലഗഡ് റെയിൽപാത ഇരട്ടിപ്പിക്കൽ, അംഗുൽ സുകിന്ദ പാതയിൽ ഒരു പുതിയ ബ്രോഡ്‌ഗേജ് റെയിൽ പാത തുടങ്ങീ സംസ്ഥാനത്തിന്റെ വികസനത്തിന് സഹായിക്കുന്ന നിരവധി പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കുന്നത്.
Discussion about this post