ന്യൂഡൽഹി: മുതിർന്ന മലയാളി അഭിഭാഷകൻ കെവി വിശ്വനാഥൻ സുപ്രീംകോടതി ജസ്റ്റീസ് ആയി ചുമതലയേറ്റു. ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന പ്രശാന്ത് കുമാർ മിശ്രയ്ക്ക് ഒപ്പമാണ് കെവി വിശ്വനാഥൻ സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
സീനിയർ അഭിഭാഷകനായ കെവി വിശ്വനാഥന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പദവിയിൽ വരെയെത്താനുളള അവസരമാണ് ഒരുങ്ങിയിട്ടുളളത്. നിലവിലെ സീനിയോറിറ്റി കണക്കിലെടുത്താൽ 2030 ഓഗസ്റ്റിൽ അദ്ദേഹത്തിന് ചീഫ് ജസ്റ്റീസ് പദവിയിലെത്താം. പത്ത് മാസത്തോളം ഈ സ്ഥാനത്ത് തുടരുകയും ചെയ്യാം.
ഇതോടെ സുപ്രീംകോടതി ജസ്റ്റീസുമാരുടെ എണ്ണം 34 ആയി ഉയർന്നു. ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരിയും എംആർ ഷായും വിരമിച്ച ശേഷം 32 ന്യായാധിപൻമാരുമായിട്ടാണ് കോടതി പ്രവർത്തിച്ചിരുന്നത്. മെയ് 16 നാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ കൊളീജിയം പുതിയ പാനലിലേക്ക് ഇരുവരുടെയും പേര് നിർദ്ദേശിച്ചത്.
ജൂണിൽ സുപ്രീംകോടതിയിൽ നിന്ന് മൂന്ന് ജസ്റ്റീസുമാർ വിരമിക്കും. ഇത് കൂടി കണക്കിലെടുത്താണ് പുതിയ ന്യായാധിപൻമാരുടെ നിയമനം. ജസ്റ്റീസുമാരായ കെഎം ജോസഫ്, അജയ് രസ്‌തോഗി, വി രാമസുബ്രഹ്മണ്യൻ എന്നിവരാണ് വിരമിക്കാനിരിക്കുന്നത്.
Discussion about this post