തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വനിതാ ഡോക്ടർക്ക് നേരെ നഗ്നതാ പ്രദർശനം. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര സ്വദേശി സെൽവ (25)യാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
പട്ടം മരപ്പാലത്ത് നിന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ബസിൽ കയറിയത് ആയിരുന്നു യുവതി. മൂന്ന് പേർക്ക് ഇരിക്കാൻ കഴിയുന്ന സീറ്റിൽ മാത്രമാണ് സ്ഥലമുണ്ടായിരുന്നത്. യുവതി കയറുമ്പോൾ വിൻഡോയുടെ ഭാഗത്തായി സെൽവ ഇരിക്കുന്നുണ്ടായിരുന്നു. അൽപ്പനേരത്തിന് ശേഷം ഇയാൾ അശ്ലീല ചേഷ്ടകൾ കാണിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ യുവതി മുഖം തിരിയ്ക്കുകയായിരുന്നു. എന്നാൽ ഇയാൾ യുവതിയ്ക്ക് നേരെ തിരിഞ്ഞിരുന്ന് ഇത് തുടരുകയും കാൽമുട്ടിൽ സ്പർശിക്കുകയുമായിരുന്നു.
ബസിറങ്ങിയ യുവതി നേരെ പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി. ഉടനെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടം എൽഐസിയ്ക്ക് സമീപത്തെ വെജിറ്റേറിയൻ ഹോട്ടലിൽ ജോലി ചെയ്യുകയാണ് യുവാവ്. സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും നാളുകളായി സ്ത്രീകൾക്ക് നേരായ ഇത്തരം അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവനടി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി സമാന സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












