കൊച്ചി: എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി വിജയം നേടി നാടിന്റെ യശസ്സ് ഉയർത്തിയ കൊച്ചിയിലെ അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന് ഇക്കുറി ഇരട്ടിമധുരം. സ്കൂളിൽ പഠിച്ച ഇതര സംസ്ഥാന വിദ്യാർത്ഥികളുടെ മികച്ച വിജയമാണ് അദ്ധ്യാപകർക്കും സ്കൂൾ മാനേജ്മെന്റിനും ഇരട്ടിമധുരം നൽകിയത്.
13 വിദ്യാർത്ഥികളാണ് സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും ഇക്കുറി എ പ്ലസ് നേടിയത്. ഇതിൽ മൂന്ന് പേർ രാജസ്ഥാൻ സ്വദേശികളാണ്. മുകേഷ് കുമാർ, പിങ്കി ബി, ഡിംപിൾ കുമാരി എന്നിവരാണ് ഫുൾ എ പ്ലസ് നേടി സ്കൂളിന് അഭിമാനമായത്. ഇവർക്ക് പുറമേ രാജസ്ഥാനിൽ നിന്നു തന്നെയുളള നമേഷ് കുമാർ, പ്രവീൺകുമാർ എന്നിവർ ഒൻപത് എ പ്ലസ് നേടി. മലയാളം ഉൾപ്പെടെയുളള വിഷയങ്ങളിലാണ് ഈ കുട്ടികൾ എ പ്ലസ് നേടിയത്.
ഇതര സംസ്ഥാന വിദ്യാർത്ഥികൾക്കായി പ്രത്യേകം പഠന ക്ലാസുകൾ ഒരുക്കിയാണ് സ്കൂൾ ഈ മികച്ച വിജയം ഇവർക്ക് നേടിക്കൊടുത്തത്. മോട്ടിവേഷൻ ക്ലാസുകളും അവേർനസ് കം റിഫ്രഷ്മെന്റ് ക്ലാസുകളും ഇവരുടെ നേട്ടത്തിന് കൂടുതൽ സഹായമായി.
സ്കൂൾ മാനേജ്മെന്റിന്റെയും അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെയും ഒത്തൊരുമിച്ചുളള പ്രവർത്തനമാണ് ഈ നേട്ടം കൈവരിക്കാൻ സഹായകമായതെന്ന് പ്രധാന അദ്ധ്യാപിക ജെ ബിന്ദു പറഞ്ഞു.
Discussion about this post